ഇടതുപക്ഷ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന നേതൃനിരയിലേക്ക് വനിതയടക്കം മാറ്റം വരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും പാര്‍ട്ടിയിലെ യുവ വനിതാ നേതാവുമായ ചിന്ത ജെറോം സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആകും. കല്ല്യാശ്ശേരി എം.എല്‍.എയും എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം. വിജിന്‍ DYFI സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തും. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന നേതൃയോഗത്തിലാണ് അന്തിമ തീരുമാനം എടുത്തത്. കൊല്ലം ജില്ലയില്‍ നിന്നുള്ള പ്രമുഖ നേതാവായ ചിന്താ ജെറോം വിദ്യാര്‍ഥികാലം മുതല്‍ക്കേ പാര്‍ട്ടിയില്‍ സജീവമാണ്. സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ക്ക് പ്രിയപ്പെട്ട ആളെന്ന പരിഗണന ചിന്തയ്ക്ക് തുണയായി.
തിരുവനന്തപുരം മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനായി ചിലര്‍ വാദിച്ചെങ്കിലും ചിന്തയുടെ പേരിലേക്കാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉള്‍പ്പടെയുള്ളവര്‍ എത്തിച്ചേര്‍ന്നത്. കല്ല്യാശ്ശേരിയില്‍ നിന്ന് രണ്ടാം തവണയും എംഎല്‍എ ആയ വിജിന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെ നടത്തിയ മികച്ച പ്രകടനമാണ് ഡിവൈഎഫ്‌ഐ നേതൃത്വത്തിലേക്കു വഴി തുറന്നത്. 38 വയസ്സെന്ന പുതിയ പ്രായനിബന്ധനയും വിജിനെ സഹായിച്ചു. പ്രായപരിധി നിര്‍ബന്ധമാക്കിയ എം.വി ഗോവിന്ദന്റെ നടപടി ഏകപക്ഷീയമാണെന്ന് വിമര്‍ശനമുയര്‍ന്നെങ്കിലും വിജിന് തന്നെ നറുക്ക് വീണു. ഓഗസ്റ്റ് 19 മുതല്‍ 22 വരെ തൃശൂരില്‍ വച്ച് നടക്കുന്ന സംംസ്ഥാന സമ്മേളനത്തില്‍ വച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. 3 വര്‍ഷം കൂടുമ്പോഴാണ് നേതൃമാറ്റമുണ്ടാകാറെങ്കിലും ഡിവൈഎഫ്‌ഐ സമ്മേളനങ്ങള്‍ നടന്നിട്ട് നാലു വര്‍ഷം പിന്നിട്ടിരുന്നു. 2022 ല്‍ പത്തനംതിട്ടയില്‍ വച്ചു നടന്ന സംസ്ഥാന സമ്മേളനത്തിലാണ് നിലവിലെ ഭാരവാഹികളായി വി.കെ.സനോജും, വി.വസീഫും ചുമതലയേറ്റത്.
















