വയനാട് ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ബീനാച്ചി റോഡിലെ മടുർ വനഭാഗത്ത് നാടൻ തോക്കുമായി എത്തിയ മൂന്നംഗ സംഘം പിടിയിൽ. ഇവർ സഞ്ചരിച്ച കാർ സഹിതം വനപാലകർ പിടികൂടി.
കോഴിക്കോട് താമരശ്ശേരി കാട്ടിപ്പാറ സ്വദേശികളായ ഫവാസ് (32), മുഹമ്മദ് സാലിഹ് (39), ജുനൈദ് (34) എന്നിവരാണ് പിടിയിലായത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എം.എസ്. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്നംഗ സംഘത്തെ പിടികൂടിയത്.
പ്രതികൾ സ്ഥിരമായി താമരശ്ശേരി അമരാട്, കക്കയം, വയനാട് ഭാഗങ്ങളിൽ വേട്ട നടത്തി കാട്ടിറച്ചി വിൽപന നടത്തുന്ന സംഘമാണെന്ന് ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം.കെ. രാജീവ് കുമാർ അറിയിച്ചു.
















