വെറും പത്ത് മിനിറ്റിനുള്ളിൽ തയ്യാറാക്കാവുന്നതും കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഇഷ്ടപ്പെടുന്നതുമായ ഒരു ‘ഹെൽത്തി ചപ്പാത്തി സ്ക്രാംബിൾ’ പരിചയപ്പെടാം.
ചേരുവകൾ
ചപ്പാത്തി- 4 എണ്ണം (ചെറിയ കഷ്ണങ്ങളായി മുറിച്ചത്)
മുട്ട- 2 എണ്ണം
സവാള- 1 എണ്ണം (അരിഞ്ഞത്)
തക്കാളി- കാൽ ഭാഗം
തേങ്ങ ചിരകിയത്- 2 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ- ആവശ്യത്തിന്
മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
കുരുമുളക് പൊടി- 1 ടീസ്പൂൺ
ഗരം മസാല- 1/4 ടീസ്പൂൺ
അറബിക് മസാല- 1/4 ടീസ്പൂൺ
കറിവേപ്പില-ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
വെള്ളം- 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യമായി ബാക്കിവന്ന ചപ്പാത്തികൾ കൈകൊണ്ടോ കത്രിക ഉപയോഗിച്ചോ ചെറിയ കഷ്ണങ്ങളായി മുറിക്കാം. ഒരു പാൻ അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ ചൂടാകുമ്പോൾ അതിലേക്ക് സവാള, തക്കാളി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റാം. സവാള പകുതി വഴന്നു വരുമ്പോൾ മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഗരം മസാല, അറബിക് മസാല എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കാം. അറബിക് മസാല ചേർക്കുന്നത് ഈ വിഭവത്തിന് സവിശേഷമായ ഒരു രുചിയും മണവും നൽകുന്നു. ഇതിലേക്ക് അല്പം ഉപ്പും രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് മസാല ചപ്പാത്തിയിൽ നന്നായി പിടിക്കാൻ പാകത്തിലാക്കാം. ശേഷം മുറിച്ചു വെച്ചിരിക്കുന്ന ചപ്പാത്തി കഷ്ണങ്ങൾ ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കാം. (ചപ്പാത്തി പൊടിച്ചും ചേർക്കാം.) മറ്റൊരു പാത്രത്തിൽ രണ്ട് മുട്ടകൾ അല്പം ഉപ്പും കുരുമുളകും ചേർത്ത് അടിച്ചെടുക്കാം. ഈ മുട്ട മിശ്രിതം പാനിലെ ചപ്പാത്തിക്ക് മുകളിലൂടെ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കാം. മുട്ട വെന്തു വരുമ്പോൾ ചിരകിയ തേങ്ങ കൂടി മുകളിൽ വിതറി കുറച്ചു സമയം കൂടി ഇളക്കി തീ അണയ്ക്കാം.
















