പഴുത്ത പഴവും ഗോതമ്പ് പൊടിയും ഉണ്ടെങ്കിൽ വെറും 20 മിനിറ്റിനുള്ളിൽ തയ്യാറാക്കാവുന്ന ഒന്നാണ് ബനാന ചീല. പഴം കഴിക്കാൻ മടി കാണിക്കുന്ന കുട്ടികൾക്ക് പോലും ഇതിന്റെ രുചി ഏറെ ഇഷ്ടപ്പെടും. സ്വാഭാവികമായ മധുരവും മൃദുവായ ഈ വിഭവം പ്രഭാതഭക്ഷണമായും നാലുമണി പലഹാരമായും ഒരുപോലെ ഉപയോഗിക്കാം.
ചേരുവകൾ
പഴുത്ത പഴം- 2 എണ്ണം
പാൽ- 1/2 കപ്പ്
ഗോതമ്പ് പൊടി- ആവശ്യത്തിന്
തേൻ- 2 ടേബിൾ സ്പൂൺ
നെയ്യ്- 1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യമായി പഴം ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ അരച്ചെടുക്കാം. ഇതിലേക്ക് അര കപ്പ് പാൽ കൂടി ചേർത്ത് നന്നായി അരയ്ക്കാം. അരച്ചെടുത്ത മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റാം. ഇതിലേക്ക് തേൻ ചേർത്ത് നന്നായി ഇളക്കാം. ശേഷം ഗോതമ്പ് പൊടി അല്പാല്പമായി ചേർത്ത് ഇളക്കി ദോശമാവിന്റെ പരുവത്തിൽ തയ്യാറാക്കാം. കട്ടകൾ ഇല്ലാതെ ഇളക്കാൻ ശ്രദ്ധിക്കണം. ഒരു നോൺ-സ്റ്റിക് പാൻ അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ അല്പം നെയ്യ് തടവാം. ഒരു തവി മാവ് ഒഴിച്ച് വട്ടത്തിൽ നേർത്ത രീതിയിൽ പരത്താം. രണ്ട് വശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ ചെറിയ തീയിൽ ചുട്ടെടുക്കാം. ഇത് ചൂടോടെ കഴിക്കാം. മുകളിൽ കുറച്ചേ തേൻ കൂടി ഒഴിച്ചാൽ കൂടുതൽ രുചികരമാക്കാം.
















