അപരിചിതരോട് അഭിപ്രായം ചോദിക്കുന്ന ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ വീഡിയോകൾ നാം ദിവസവും സോഷ്യൽ മീഡിയയിൽ കാണുന്നതാണ്. ലോകത്തിലെ ഏറ്റവും വൃത്തിഹീനമായ രാജ്യം ഏതാണ് എന്ന ചോദ്യമാണ് ജോഷ്വാ റോബിൻസൺ എന്ന ഇന്‍ഫ്‌ളുവന്‍സര്‍ അപരിചിതരോട് ചോദിക്കുന്നത്. അതിൽ ഭൂരിപക്ഷവും നല്‍കുന്ന ഉത്തരം ‘ഇന്ത്യ’ എന്നാണ്.
സത്യത്തില്‍ അത്ര വൃത്തിഹീനമാണോ നമ്മുടെ നാട്? ചുരുങ്ങിയ കാലംകൊണ്ട് ഇന്‍സ്റ്റഗ്രാമിലും മറ്റും ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ നേടിയ ജോഷ്വാ റോബിന്‍സന്റെ വിഡിയോ ആണ് വൃത്തിയേയും ഇന്ത്യയേയും താരതമ്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ വിഡിയോകളില്‍ പലതും ഓഷു ക്ലിപ്‌സ് എന്ന പേരില്‍ വൈറലാവാറുമുണ്ട്. അത്തരത്തില്‍ വൈറലായ ഒരു വിഡിയോയിലാണ് ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിന്റെ ധാരണ പുറത്തുവരുന്നത്.
ലോകത്തെ ഏറ്റവും വൃത്തിഹീനമായ രാജ്യം ഏതെന്നാണ് ജോഷ്വ ചോദിക്കുന്നത്. ഈ ചോദ്യത്തിന് ആറു പേരാണ് ഇന്ത്യ എന്ന ഉത്തരം പറയുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ പറഞ്ഞ രാജ്യത്തിന്റെ പേരും ഇന്ത്യ തന്നെ. നമ്മുടെ അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയും നേപ്പാളുമൊക്കെ ഉത്തരങ്ങളില്‍ വന്നു പോകുന്നുണ്ടെങ്കിലും ഇന്ത്യക്ക് തന്നെയാണ് മൃഗീയ ഭൂരിപക്ഷം.
ജോഷ്വായുടെ വിഡിയോയിലെങ്കിലും ഇന്ത്യയല്ല ലോകത്തെ വൃത്തിഹീനമായ രാജ്യമെന്ന് പറയുന്നത് ആശ്വാസകരമാണ്. ആഫ്രിക്കന്‍ രാജ്യമായ ചാഡിനാണ് ഒരു രാജ്യവും ആഗ്രഹിക്കാത്ത ആ വിശേഷണം ജോഷ്വാ നല്‍കുന്നത്. മധ്യ ആഫ്രിക്കന്‍ രാജ്യമായ ചാഡിനെ വരള്‍ച്ചയും ദാരിദ്ര്യവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമൊക്കെയാണ് വൃത്തിഹീനമാക്കുന്നത്. ഭൂരിഭാഗവും മരുഭൂമിയായ നാടാണ് ചാഡ്. ഭൂരിഭാഗം ജനതക്കും അവിടെ ശുദ്ധജലം ലഭിക്കുന്നില്ല. തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസർജനം നടത്തുന്ന നാടുകളുടെ പട്ടികയിലും മുന്നിലുള്ള രാജ്യമാണ് ചാഡ്.
ഇത്തവണ വൃത്തിക്കുറവിന്റെ കപ്പ് ചാഡ് കൊണ്ടുപോയെങ്കിലും അത്രത്തോളം ആശാവഹമല്ല ഇന്ത്യയുടെ കാര്യവും. ലോകാരോഗ്യ സംഘടന കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ലോകത്ത് ആകെ ഏഴു രാജ്യങ്ങളിലെ ജനങ്ങള്‍ മലിനീകരണമില്ലാത്ത വായു ശ്വസിക്കുന്നുള്ളൂ. സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായുള്ള ഐക്യുഎയര്‍ ആണ് റിപ്പോര്‍ട്ടിനു പിന്നില്‍. 138 രാജ്യങ്ങളിലായി ഇവര്‍ സ്ഥാപിച്ച 40,000 വായു ഗുണനിലവാര പരിശോധന സ്‌റ്റേഷനുകളിലെ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയായിരുന്നു റിപ്പോര്‍ട്ട് തയാറാക്കിയത്. ഇത് പ്രകാരം ചാഡിന് പുറമേ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ഇന്ത്യ, കോംഗോ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും മോശമായ വായു ജനങ്ങള്‍ ശ്വസിക്കുന്നത്. ലോകത്തിന്റെ പൊതു ധാരണയോളം അത്ര വൃത്തിഹീനമല്ലെങ്കിലും നമുക്കും വൃത്തിയുടേയും മലിനീകരണത്തിന്റേയും കാര്യത്തില്‍ ഏറെ മുന്നോട്ടു പോകാനുണ്ടെന്ന് ഇത് കാണിക്കുന്നു.
















