ബേക്കറിയിൽ ചില്ലു ഭരണിയിൽ നിറച്ചു വച്ചിരിക്കുന്ന മുറുക്കിന് ആരാധകർ ഏറെയുണ്ട്, പ്രത്യേകിച്ച് തക്കാളി മുറുക്കിന്. അൽപം പുളിയും എരിവും കലർന്ന ഈ കിടിലൻ സ്നാക്ക് ഒരു തവണ കഴിച്ചാൽ വീണ്ടും കൊതിക്കുന്ന രുചിയാണിതിന്. സാധാരണ മുറുക്ക് തയ്യാറാക്കാൻ ഉപയോഗിക്കുന്ന അരിപ്പൊടി തന്നെയാണ് ഇതിനും ആവശ്യം. അതിലേയ്ക്ക് തക്കാളി കൂടി ചേർത്താണ് മാവ് തയ്യാറാക്കുന്നത്.
ചേരുവകൾ
അരിപ്പൊടി- 1 കപ്പ്
കടലമാവ്- 1/2 കപ്പ്
തക്കാളി- 2
വെളുത്തുള്ളി- 4
പുതിനയില- 4
ഉപ്പ്- ആവശ്യത്തിന്
കാശ്മീരിമുളകുപൊടി- 1 ടേബിൾസ്പൂൺ
കായം- 1/2 ടീസ്പൂൺ
വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് അരിപ്പൊടിയിലേയ്ക്ക് അര കപ്പ് കടലമാവെടുത്തിളക്കി യോജിപ്പിക്കാം. രണ്ട് തക്കാളി ചെറിയ കഷ്ണങ്ങളാക്കിയതിലേയ്ക്ക് നാല് വെളുത്തുള്ളി അല്ലിയും നാല് പുതിനയിലയും ആവശ്യത്തിന് ഉപ്പും, ഒരു ടേബിൾസ്പൂൺ കാശ്മീരിമുളകുപൊടിയും ചേർത്ത് അരച്ചെടുക്കാം. ഇത് പൊടിയിലേയ്ക്ക് ഒഴിക്കാം. അര ടീസ്പൂൺ കായപ്പൊടിയും കുറച്ചു ജീരകവും അൽപം നെയ്യും ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കാം. അധികം അയവില്ലാതെ മാവ് കുഴച്ചെടുക്കാം. അടി കട്ടിയുള്ള ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. സേവനാഴിയിൽ നെയ്യ് പുരട്ടി അതിലേയ്ക്ക് മാവ് മാറ്റാം. ശേഷം എണ്ണയിലേയ്ക്ക് പിഴിഞ്ഞൊഴിക്കാം. അതു നന്നായി വറുത്തെടുക്കാം. തീ കുറച്ചു വച്ചതിനു ശേഷം വേണം വറുക്കാൻ. ഇത് ചൂടോടെ കഴിച്ചു നോക്കൂ.
















