ജാതിയുടെയും മതത്തിന്റെയും ചങ്ങലക്കെട്ടുകൾ കേരളത്തിന്റെ സാക്ഷരതയെ നോക്കി കൊഞ്ഞനം കുത്തുന്ന കാഴ്ചയ്ക്കാണ് തേങ്കുറിശ്ശിയിലെ ആ ചോരപുരണ്ട തെരുവുകൾ സാക്ഷ്യം വഹിച്ചത്. നവോത്ഥാന നായകരുടെ മണ്ണെന്ന് നാം അഹങ്കരിക്കുമ്പോഴും, പ്രണയത്തിന് കാവലിരിക്കേണ്ടവർ തന്നെ കൊലക്കത്തിയുമായി ഇറങ്ങുന്ന കാഴ്ച നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത ഒരു പറ്റം മനുഷ്യത്വമില്ലാത്തവരുടെ ലോകമായി നമ്മുടെ നാട് അധഃപതിച്ചിരിക്കുന്നു. സൗഹൃദത്തിനും വിവാഹത്തിനും എന്തിന്, സംസാരിക്കാൻ പോലും ജാതിയും മതവും നോക്കുന്ന ഈ കാലഘട്ടത്തിൽ ജീവിക്കുന്നത് തന്നെ ഒരു അപമാനമായി മാറുകയാണ്.
സ്കൂൾ വരാന്തയിൽ മൊട്ടിട്ട അനീഷിന്റെയും ഹരിതയുടെയും പ്രണയം ഒടുവിൽ മരണത്തിന്റെ നിഴലിലായിത്തീരുമെന്ന് ആരും കരുതിയിരുന്നില്ല. നിറമോ പണമോ ജാതിയോ നോക്കാതെ അവർ പ്രണയിച്ചു; അവർക്കിടയിൽ ‘സ്നേഹം’ എന്ന വികാരം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എതിർപ്പുകളെ അതിജീവിച്ച് അവർ ഒന്നായപ്പോൾ, താൻ സ്നേഹിക്കുന്ന പുരുഷനെ സ്വന്തം പിതാവ് തന്നെ ഇല്ലാതാക്കുമെന്ന് ആ മകൾ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല.
ജാതിവെറി തലയ്ക്ക് പിടിച്ച ഒരു അച്ഛൻ അറുത്തുമാറ്റിയത് ഒരു യുവാവിന്റെ ജീവൻ മാത്രമല്ല, സ്വന്തം മകളുടെ സ്വപ്നങ്ങളും കൂടിയാണ്. 2020-ൽ പാലക്കാട് തേങ്കുറിശ്ശിയിൽ നടന്ന ആ ക്രൂരത, കേരളം എത്രയൊക്കെ പുരോഗമിച്ചെന്ന് പറഞ്ഞാലും നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ജാതിഭ്രാന്ത് എത്രത്തോളം ഭീകരമാണെന്നതിന്റെ വിറങ്ങലിപ്പിക്കുന്ന സാക്ഷ്യപത്രമാണ്.
അനീഷ് എന്ന അപ്പുവും ഹരിതയും തമ്മിലുള്ള പ്രണയത്തിന് സ്കൂൾ കാലത്തോളമുള്ള പഴക്കമുണ്ടായിരുന്നു. ഒരേ നാട്ടുകാർ, വെറും ഒരു കിലോമീറ്റർ മാത്രം ദൂരത്തുള്ള വീടുകൾ. പക്ഷേ അവർക്കിടയിലെ ജാതിമതിലിന് ഹിമാലയത്തോളമുള്ള ഉയരമുണ്ടായിരുന്നു. അനീഷ് ഒരു സാധാരണ പെയിന്റിംഗ് തൊഴിലാളിയായിരുന്നു. കൂടാതെ പിന്നാക്ക സമുദായക്കാരനും. എന്നാൽ ഹരിതയാകട്ടെ സമ്പന്ന കുടുംബത്തിലെ ബി.ബി.എ വിദ്യാർത്ഥിനിയും ഉയർന്ന സമുദായത്തിൽ ഉള്ളവളും.
ഇവരുടെ പ്രണയത്തെ അറിഞ്ഞ വീട്ടുകാർ ഹരിതയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതോടെയാണ് അവരുടെ ജീവിതം മാറി മറിയുന്നത്. 2020 സെപ്റ്റംബർ 27 ഹരിതയുടെ അച്ഛനും അമ്മയും കോയമ്പത്തൂർ പോയ സമയം. ഈ സമയം അവർ വിനിയോഗിക്കാൻ തീരുമാനിച്ചു വീട്ടുകാർ അറിയാതെ അനീഷ് ഹരിതയെ വിളിച്ചിറക്കി കൊണ്ടുപോയി രഹസ്യമായി വിവാഹിതരായി. എന്നാൽ ആ ദാമ്പത്യത്തിന് അവർ നൽകിയ ആയുസ്സ് വെറും 90 ദിവസമായിരുന്നു.
ഇവരുടെ വിവാഹം അറിഞ്ഞ വീട്ടുകാർ പോലീസ് സ്റ്റേഷനിൽ എത്തി. പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചർച്ചയിൽ ഹരിതയുടെ അമ്മാവൻ സുരേഷ് കുമാർ മുഴക്കിയ ആ ഭീഷണി ഇന്നും കേരളത്തിന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്: “നിന്റെ താലിച്ചരടിന് 90 ദിവസത്തെ ആയുസ്സേ ഞങ്ങൾ നൽകുന്നുള്ളൂ”. ആ വാക്കുകൾ വെറും വികാര പ്രകടനമായിരുന്നില്ല, മറിച്ച് കൃത്യമായി പ്ലാൻ ചെയ്ത ഒരു കൊലപാതകത്തിന്റെ മുന്നോടിയായിരുന്നു.
വിവാഹത്തിന് ശേഷം കൃത്യം 89-ാം ദിവസം, അതായത് 2020 ഡിസംബർ 25-ന് ആ ക്രൂരത അരങ്ങേറി. ക്രിസ്മസ് വൈകുന്നേരം പലഹാരങ്ങൾ വാങ്ങാൻ പോയ അനീഷിനെ ജാതി ഭ്രാന്ത് തലക്കുപിടിച്ച ഹരിതയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ സുരേഷ് കുമാറും ചേർന്ന് വഴിയിൽ തടഞ്ഞുനിർത്തി. യാതൊരു ദാക്ഷണ്യവുമില്ലാതെ അവർ അനീഷിനെ ക്രൂരമായി പീഡിപ്പിച്ചു.
തുടയിലെ പ്രധാന ഞരമ്പുകൾ അറുത്തുമാറ്റിയും, ശ്വാസം മുട്ടിക്കാൻ മുഖത്ത് ചാക്ക് വെച്ച് ചവിട്ടിപ്പിടിച്ചും അവർ ആ യുവാവിനെ മരണത്തിന് വിട്ടുകൊടുത്തു. കൊലപാതകത്തിന് ശേഷം ചോര പുരണ്ട കത്തി കൊണ്ട് തണ്ണിമത്തൻ മുറിച്ച് രക്തം തുടച്ചുനീക്കിയ പ്രതികളുടെ മനോഭാവം ജാതിഭ്രാന്ത് മനുഷ്യനെ എത്രത്തോളം മൃഗമാക്കുമെന്ന് തെളിയിക്കുന്നതായിരുന്നു.
ഈ പോരാട്ടത്തിൽ ഹരിത കാണിച്ച ധീരത സമാനതകളില്ലാത്തതാണ്. സ്വന്തം അച്ഛനും അമ്മാവനുമെതിരെ അവൾ കോടതിയിൽ ഉറച്ചുനിന്നു. തന്റെ പ്രണയത്തെ തകർത്തവർക്ക് നിയമം നൽകുന്ന പരമാവധി ശിക്ഷ ഉറപ്പാക്കാൻ അവൾ പൊരുതി. അതിനായി ഏതറ്റം വരെ പോകാനും അവൾ തയാറായിരുന്നു.
2024 ഒക്ടോബർ 28-ന് കോടതി പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. എന്നാൽ താൻ സ്നേഹിച്ച പുരുഷനെ കൊന്നവർക്ക് വധശിക്ഷ കിട്ടാത്തതിൽ വിതുമ്പിക്കൊണ്ട് ഹരിത കോടതിയിൽ നിന്ന് ഇറങ്ങി.
തനിക്ക് നഷ്ടപ്പെട്ട അനീഷിന് പകരം വെയ്ക്കാൻ ഒരു ശിക്ഷയ്ക്കും കഴിയില്ലെന്ന തിരിച്ചറിവിൽ വിതുമ്പുന്ന ഹരിതയുടെ മുഖം ഇന്നും നീറുന്ന ഒരു ചോദ്യമായി നമുക്ക് മുന്നിലുണ്ട്. ജാതിക്കും മതത്തിനും വേണ്ടി മക്കളെ വിധവകളാക്കുന്ന ഈ ‘അഭിമാനികൾ’ യഥാർത്ഥത്തിൽ സമൂഹത്തിന്റെ ശാപമല്ലേ? മകളുടെ സന്തോഷത്തേക്കാൾ അഭിമാനം വലുതാക്കുന്നവരല്ലേ ശരിക്കുള്ള പ്രാന്തന്മാർ?

















