സംസ്ഥാനത്തെ സാമൂഹിക അന്തരീക്ഷത്തെ തകർക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ നടത്തുന്ന മന്ത്രി സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മതതീവ്രവാദികൾ പോലും പറയാൻ മടിക്കുന്ന കാര്യങ്ങളാണ് ഒരു മന്ത്രിസ്ഥാനത്തിരുന്ന് സജി ചെറിയാൻ വിളിച്ചുപറയുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഇത്തരം വൈകൃതമുള്ള പ്രസ്താവനകൾ ഇതിനുമുമ്പ് കേരളം കേട്ടിട്ടില്ലെന്നും സജി ചെറിയാന് മന്ത്രിയായി തുടരാൻ ധാർമികമായ യാതൊരു അവകാശവുമില്ലെന്നും വേണുഗോപാൽ കണ്ണൂരിൽ നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആർജവം കാണിക്കണം. എന്നാൽ മുഖ്യമന്ത്രിയിൽ നിന്നും സജി ചെറിയാൻ വർഗീയതയുടെ പാഠങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ മന്ത്രിക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കില്ലെന്നും വേണുഗോപാൽ പരിഹസിച്ചു.
വർഗീയ വിദ്വേഷം പടർത്തി വോട്ട് നേടാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും ഇതിന് മുഖ്യമന്ത്രിയാണ് ചുക്കാൻ പിടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലെ സ്വർണപ്പാളികൾ മോഷ്ടിക്കപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. “ഫൊറൻസിക് പരിശോധനയിൽ സ്വർണപ്പാളി എടുത്തുമാറ്റിയെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രധാന പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ സാഹചര്യം ഒരുക്കുകയാണ് പോലീസ് ചെയ്യുന്നത്. ഇതിനായി എസ്.ഐ.ടി മനഃപൂർവം കുറ്റപത്രം സമർപ്പിക്കാൻ വൈകുകയാണ്,” വേണുഗോപാൽ പറഞ്ഞു. സർക്കാരിന്റെ കടുത്ത സമ്മർദത്തിലാണ് അന്വേഷണസംഘം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
















