പ്രധാനമന്ത്രി നരേന്ദ്ര മോദി ആയി മലയാളികളുടെ പ്രിയ നടൻ ഉണ്ണി മുകുന്ദൻ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘മാ വന്ദേ’യുടെ ബജറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. 400 കോടിയിലധികം രൂപയുടെ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ബയോപിക് ‘മാ വന്ദേ’യുടെ പ്രഖ്യാപനം തന്നെ സിനിമാ ലോകത്ത് വലിയ ആവേശമായിരുന്നു.

സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ എം. വീർ റെഡ്ഡി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാള താരം ഉണ്ണി മുകുന്ദനാണ് നരേന്ദ്ര മോദിയായി വേഷമിടുന്നത്. ഒരു അമ്മയുടെ ദൃഢനിശ്ചയവും മകന്റെ പോരാട്ടവീര്യവും തമ്മിലുള്ള വൈകാരിക ബന്ധത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. സി.എച്ച്. ക്രാന്തി കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രധാനമന്ത്രിയുടെ വ്യക്തിപരവും രാഷ്ട്രീയവുമായ യാത്രകളെ യാഥാർത്ഥ്യബോധത്തോടെയും ആഗോള നിലവാരത്തിലും ആവിഷ്കരിക്കാനാണ് ലക്ഷ്യമിടുന്നത്.
സാങ്കേതിക മികവിൽ വിട്ടുവീഴ്ചയില്ലാതെ ഒരുങ്ങുന്ന ഈ പാൻ-ഇന്ത്യൻ പ്രോജക്റ്റ് വിവിധ ഇന്ത്യൻ ഭാഷകൾക്ക് പുറമെ ഇംഗ്ലീഷിലും പുറത്തിറങ്ങും. ലോകോത്തര നിലവാരമുള്ള ആരി അലക്‌സാ 265 ക്യാമറയും കൂക്ക് ലെൻസുകളും ഉപയോഗിച്ചാണ് ചിത്രീകരണം നടക്കുന്നത്. ഹോളിവുഡ് താരം ജേസൺ മോമോവ ഒരു പ്രധാന വേഷത്തിനായി സമീപിക്കപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കൂടാതെ മുതിർന്ന താരങ്ങളായ രവീണ ടണ്ടൻ, ജഗപതി ബാബു, ശരത് കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിപുലമായ വിഎഫ്എക്സ് സാങ്കേതികവിദ്യയും അന്താരാഷ്ട്ര പ്രൊഡക്ഷൻ മൂല്യങ്ങളും ചിത്രത്തിന് ഒരു വലിയ സിനിമാനുഭവം സമ്മാനിക്കുമെന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നു.
ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകരുടെ നീണ്ട നിര തന്നെ ‘മാ വന്ദേ’യ്ക്ക് പിന്നിലുണ്ട്. സാബു സിറിളിന്റെ പ്രൊഡക്ഷൻ ഡിസൈനും, കെ.കെ. സെന്തിൽ കുമാറിന്റെ ഛായാഗ്രഹണവും, രവി ബസ്രൂറിന്റെ സംഗീതവും ചിത്രത്തിന് കരുത്തേകും. കിങ് സോളമൻ ആക്ഷൻ കൊറിയോഗ്രാഫിയും ശ്രീകർ പ്രസാദ് എഡിറ്റിങും നിർവഹിക്കുന്നു. ഏകദേശം മൂന്ന് വർഷത്തെ നീണ്ട പ്രീ-പ്രൊഡക്ഷൻ ജോലികൾക്ക് ശേഷം ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ഈ മാസം 22-ന് കശ്മീരിൽ ആരംഭിക്കും. വെറുമൊരു ജീവചരിത്ര സിനിമ എന്നതിലുപരി, ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇടംപിടിക്കുന്ന ഒരു വിഷ്വൽ വിസ്മയമായിരിക്കും ഈ ചിത്രമെന്നാണ് കരുതപ്പെടുന്നത്.
















