ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹമാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ബസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. എന്നാൽ ബസിലെ തിരക്കിന്റെ ദൃശ്യങ്ങളാണു ദൃശ്യങ്ങളിലുള്ളത്.
ഇന്നലെ ഉച്ചയോടെ പയ്യന്നൂരിലെത്തിയാണു മെഡിക്കൽ കോളജ് പൊലീസ് സിസിടിവി ഹാർഡ് ഡിസ്ക് പരിശോധിച്ചതും കസ്റ്റഡിയിലെടുത്തും. ഇരുവരും ബസിൽ കയറിയതു മുതലുള്ള ദൃശ്യങ്ങളാണു പരിശോധിച്ചത്. ഇത്തരമൊരു സംഭവം ബസിൽ നടന്നതായി ശ്രദ്ധയിൽ പെട്ടില്ലെന്ന് കണ്ടക്ടർ രാമകൃഷ്ണനും ഡ്രൈവർ പ്രകാശനും പൊലീസിന് മൊഴി നൽകി. ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിലും യുവതി പരാതിപ്പെട്ടിരുന്നില്ല.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനെ തുടർന്ന് ഷിംജിത മുസ്തഫ ഒളിവിൽ പോയതായാണ് സൂചന. ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായും സൂചനയുണ്ട്. ഇവർ മംഗളുരുവിലേക്കു കടന്നുവെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം പൊലീസ് തുടരുകയാണ്.
യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിഡിയോയുടെ പൂർണരൂപം വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം തേടും. ഇതിനായി യുവതിയുടെ ഫോൺ കണ്ടെത്താനാണു പൊലീസിന്റെ ശ്രമം.
അതിനിടെ ഷിംജിത മുൻകൂർ ജാമ്യം നേടാനുള്ള ശ്രമം തുടങ്ങിയതായാണ് സൂചന.
അതേസമയം, വിദേശത്തേക്കു കടക്കാൻ സാധ്യതയുള്ളതിനാൽ യുവതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നു ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ദീപക്കിനെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ അച്ഛനും അമ്മയും മാത്രമാണുണ്ടായിരുന്നത്. രാവിലെ വിളിച്ചപ്പോള്‍ വാതിൽ തുറക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാരെത്തി വാതിൽ ബലമായി തുറന്നു. അപ്പോഴാണ് ദീപക് മരിച്ചതായി കാണുന്നത്. വസ്ത്രവ്യാപാര ശാലയിലെ സെയിൽസ് മാനേജരായി ജോലി ചെയ്യുകയാണ് ദീപക്. ബസിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്ന തരത്തിലാണ് ദീപക്കിനെതിരെ വീഡിയോ പ്രചരിച്ചത്. ഇത് വ്യാപകമായി പ്രചരിക്കുകയും പലരും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്നാണ് ദീപക് ജീവനൊടുക്കിയത്.
















