മധുരയിൽ എൽഐസി ഓഫീസിൽ തീപിടിച്ച് സീനിയർ ജനറൽ മാനേജർ മരിച്ചതിനുപിന്നിൽ സഹപ്രവർത്തകനെന്ന് കണ്ടെത്തി പോലീസ്. തീ പിടിത്തത്തിൽ സീനിയർ ജനറൽ മാനേജർ കല്യാണി നമ്പി (56) ആയിരുന്നു മരിച്ചത്. സഹപ്രവർത്തകനായ റാമിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന് ഒരു മാസത്തിന് ശേഷം ആണ് പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ ഡിസംബർ 17-ന് രാത്രി ആയിരുന്നു സംഭവം. പോളിസി ഉടമകൾക്കുള്ള മരണാനന്തര നഷ്ടപരിഹാരം തീർപ്പാക്കുന്നതിനെച്ചൊല്ലി റാമും കല്യാണിയും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഏകദേശം 40-ലധികം ഫയലുകൾ റാം വളരെക്കാലമായി തീർപ്പാക്കാതെ ഇരിക്കുകയായിരുന്നു. ഇൻഷുറൻസ് ഏജന്റുമാരുടെ പരാതിയെത്തുടർന്ന് ഇത് നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു നൽകണം എന്നു കല്യാണി റാമിനോട് പറഞു.
ഇതുകാരണം എല്ലാ ദിവസവും ഇയാൾക്ക് കൂടുതൽ മണിക്കൂർ ജോലി ചെയ്യേണ്ടിവന്നു. ഇതാണ് റാമിന്റെ ഉള്ളിൽ പക ഉണ്ടാകാൻ കാരണം. അങ്ങനെ സംഭവ ദിവസം മറ്റ് ജീവനക്കാർ ഇല്ലാത്ത സമയത്ത് കല്യാണിയുടെ മുറിയിലെ ഫയലുകൾ റാം പെട്രോൾ ഒഴിച്ച് തീകൊളുത്തി. തുടർന്ന് കല്യാണിയെ ഉള്ളിൽ ഇട്ട് പുറത്തുനിന്ന് ചേംബർ പൂട്ടുകയായിരുന്നു.
തീ ആളിക്കത്തിയതിനെ തുടർന്ന് കല്യാണി തീ പൊള്ളലേറ്റു മരിക്കുകയായിരുന്നു. ഫയലുകളിൽ പെട്രോൾ ഒഴിച്ചപ്പോൾ അബദ്ധത്തിൽ റാമിന്റെ ദേഹത്തും തീ പൊള്ളലേറ്റായിരുന്നു. സാധാരണ തീപ്പിടിത്തം എന്നായിരുന്നു പോലിസിന്റെ ആദ്യ നിഗമനം. എന്നാൽ, മുഖംമൂടി ധരിച്ച ഒരാൾ കല്യാണി നമ്പിയുടെ ആഭരണങ്ങൾ കവർന്നെടുത്ത് തീകൊളുത്തിയെന്ന് റാം കഥ കെട്ടിച്ചമച്ചതാണ് പോലീസിൽ സംശയം ജനിപ്പിച്ചത്. ഇതിനെത്തുടർന്നാണ് അന്വേഷണം റാമിലേക്കു തിരിയുകയായിരുന്നു.
















