വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. പ്രസ്താവന പിൻവലിച്ച് കൊണ്ടാണ് സജി ചെറിയാൻ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. പാർട്ടി ഇടപെടലിന് പിന്നാലെയാണ് സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ചത്. തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്നും സജി ചെറിയാൻ വ്യക്തമാക്കി.
താൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന നിലയിൽ നടത്തുന്ന പ്രചാരണം വളരെയധികം വേദനിപ്പിക്കുന്നതായി സജി ചെറിയാൻ പറഞ്ഞു.
തന്റെ ജീവിതത്തിൽ ഇന്നുവരെ സ്വീകരിച്ചതും പുലർത്തിയതുമായ മതനിരപേക്ഷമായ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് ഇപ്പോൾ നടക്കുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ. മതചിന്തകൾക്ക് അതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്‌നേഹിക്കുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന തന്റെ പൊതു ജീവിതത്തെ വർഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി.
















