ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹമാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ വടകര സ്വദേശി ഷിംജിത മുസ്തഫയ്‌ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പൊലീസ് അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഷിംജിത ഒളിവിൽ പോയത്.
അതേസമയം ബസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. എന്നാൽ ബസിലെ തിരക്കിന്റെ ദൃശ്യങ്ങളാണു ദൃശ്യങ്ങളിലുള്ളത്. ഇന്നലെ ഉച്ചയോടെ പയ്യന്നൂരിലെത്തിയാണു മെഡിക്കൽ കോളജ് പൊലീസ് സിസിടിവി ഹാർഡ് ഡിസ്ക് പരിശോധിച്ചതും കസ്റ്റഡിയിലെടുത്തും. ഇരുവരും ബസിൽ കയറിയതു മുതലുള്ള ദൃശ്യങ്ങളാണു പരിശോധിച്ചത്. ഇത്തരമൊരു സംഭവം ബസിൽ നടന്നതായി ശ്രദ്ധയിൽ പെട്ടില്ലെന്ന് കണ്ടക്ടർ രാമകൃഷ്ണനും ഡ്രൈവർ പ്രകാശനും പൊലീസിന് മൊഴി നൽകി. ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിലും യുവതി പരാതിപ്പെട്ടിരുന്നില്ല.
















