കൊച്ചി പൈങ്ങോട്ടൂരിൽ സ്കൂൾ വിദ്യാർഥിയെ സമപ്രായക്കാരായ നാലുപേർ ചേർന്നു ക്രൂരമായി മർദിച്ചതിൽ കേസ് എടുത്ത് പോലീസ്. പൈങ്ങോട്ടൂരിൽ വിദ്യാർഥിയായ 15കാരനാണ് ക്രൂരമർദനത്തിന് ഇരയായത്. വിദ്യാർത്ഥിയെ മർദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ പിന്നാലെയാണ് പോലീസ് കേസ് എടുത്തത്.
ഒരാഴ്ച മുമ്പായിരുന്നു സംഭവം. പൈങ്ങോട്ടൂർ ബസ് സ്റ്റാന്‍ഡിനു സമീപം ഉപയോഗിക്കാതെ കിടക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റിനുള്ളിൽ വച്ചായിരുന്നു മർദനം. ഏതോ വിഷയത്തിൽ മൂന്നു പേരും ചേർന്ന് കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. കുട്ടിയെ ഉപദ്രവിക്കുന്ന വീഡിയോ പകർത്തിയത് ഇവരോടൊപ്പം ഉള്ള മറ്റൊരു വിദ്യാർത്ഥിയാണ്.
കുട്ടിയെ മർദിച്ചതിൽ പിതാവ് അന്ന് തന്നെ പരാതി നൽകിയിരുന്നു. എന്നാൽ ഇതിൽ ചില കുട്ടികളുടെ മാതാപിതാക്കൾ കരഞ്ഞ് പറഞ്ഞതിനാൽ പരാതി പിൻവലിക്കുകയായിരുന്നു. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ വീണ്ടും വിദ്യാർത്ഥിയുടെ മാതാപിതാക്കൾ പരാതിയുമായി എത്തിയിരിക്കുകയാണ്.
പോത്താനിക്കാട് പൊലീസ് നാലു പേർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 325ാം വകുപ്പു പ്രകാരം ആണ് കേസ് എടുത്തത്. നാലു പേരെയും ഇവരുടെ മാതാപിതാക്കളെയും ഇന്നു രാവിലെ പോലീസ് വിളിപ്പിച്ചു മൊഴി രേഖപ്പെടുത്തി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ പൊലീസ് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും മർദിച്ചവരെ വിളിപ്പിക്കുക. മർദിച്ചവരിൽ 2 പേർ വിദ്യാർഥികളും മറ്റു രണ്ടു പേർ പഠനം നിർത്തിയവരുമാണെന്നാണു വിവരം.
















