ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹമാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഇന്നലെ ഷിംജിതയെ പൊലീസ് പിടികൂടിയത്.
സംഭവം നടന്ന ബസിലെ ജീവനക്കാരുടെയും മറ്റ് യാത്രക്കാരുടെയും മൊഴികൾ വേഗത്തിൽ രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. ആരോപണത്തിൽ ഷിംജിത ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും ഇത് ശരിവെക്കുന്ന തെളിവുകളോ സാക്ഷിമൊഴികളോ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.
ദീപക്കിന്റെ ദൃശ്യങ്ങൾ പകർത്തിയ ഷിംജിതയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോകൾ എഡിറ്റ് ചെയ്തതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, ഇന്ന് കുന്നമംഗലം കോടതിയിൽ ജാമ്യാപേക്ഷ നൽകാനാണ് ഷിംജിതയുടെ നീക്കം.
കഴിഞ്ഞ ദിവസമാണ് ദീപക്കിനെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ അച്ഛനും അമ്മയും മാത്രമാണുണ്ടായിരുന്നത്. രാവിലെ വിളിച്ചപ്പോള്‍ വാതിൽ തുറക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാരെത്തി വാതിൽ ബലമായി തുറന്നു. അപ്പോഴാണ് ദീപക് മരിച്ചതായി കാണുന്നത്. വസ്ത്രവ്യാപാര ശാലയിലെ സെയിൽസ് മാനേജരായി ജോലി ചെയ്യുകയാണ് ദീപക്. ബസിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്ന തരത്തിലാണ് ദീപക്കിനെതിരെ വീഡിയോ പ്രചരിച്ചത്. ഇത് വ്യാപകമായി പ്രചരിക്കുകയും പലരും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്നാണ് ദീപക് ജീവനൊടുക്കിയത്.
















