ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജാമ്യഹർജി പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
രാഹുലിനെതിരെ ക്രൈം ബ്രാഞ്ച് ശേഖരിച്ച കൂടുതൽ തെളിവുകളും ഇന്ന് കോടതിയുടെ മുൻപാകെ എത്തും. നേരത്തെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച പശ്ചാത്തലത്തിൽ, ജില്ലാ കോടതിയുടെ തീരുമാനം രാഹുലിന് രാഷ്ട്രീയമായും വ്യക്തിപരമായും അതീവ നിർണായകമാണ്.
ജാമ്യഹർജിയെ ശക്തമായി എതിർക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം. ആദ്യ കേസിലെ പരാതിക്കാരി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ വാദിക്കും.
മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണങ്ങളും രാഹുലിന് തിരിച്ചടിയാകാൻ സാധ്യതയുണ്ട്. അന്വേഷണ പുരോഗതിയും പുതിയ തെളിവുകളും വിലയിരുത്തിയ ശേഷമാകും കോടതി ജാമ്യ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
















