രാജ്യത്തെ മ്യൂച്വൽ ഫണ്ട് നിക്ഷേപ രംഗത്ത് പുതിയൊരു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഫ്രാങ്ക് ലിൻ ടെംപ്ലിടൺ ഇന്ത്യ ‘ചിന്താമാറ്റം – കന്യാകുമാരി മുതൽ കാശ്മീർ വരെ’ എന്ന പേരിൽ വിപുലമായ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. സാമ്പത്തിക ശാക്തീകരണം, പ്രത്യേകിച്ച് സ്ത്രീകളുടെ ഇടയിൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ഇത്തരത്തിലുള്ള കാമ്പയിനാണിത്.
ഫ്രാങ്ക് ലിൻ ടെംപ്ലിടൺ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചതിന്റെ 30-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ ബോധവൽക്കരണ ഡ്രൈവ് സംഘടിപ്പിക്കുന്നത്. 30 ദിവസം നീണ്ടുനിൽക്കുന്ന ഈ യാത്ര ഇന്ത്യയുടെ തെക്കേ അറ്റമായ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് 21 പ്രധാന നഗരങ്ങളിലൂടെ കടന്നുപോയി ജമ്മു കാശ്മീരിലെ ശ്രീനഗറിൽ സമാപിക്കും. 4000-ത്തിലധികം കിലോമീറ്റർ താണ്ടുന്ന ഈ യാത്രയ്ക്ക് ഫ്രാങ്ക് ലിൻ ടെംപ്ലിടൺ ഇന്ത്യ പ്രസിഡന്റ് അവിനാശ് സത്യലേഖറാണ് നേതൃത്വം നൽകുന്നത്.

യാത്രയുടെ ഭാഗമായി ഓരോ ദിവസവും പുതിയ നഗരങ്ങളിലോ ഗ്രാമങ്ങളിലോ നിക്ഷേപക ബോധവൽക്കരണ ശില്പശാലകൾ സംഘടിപ്പിക്കും. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാനും സാമ്പത്തിക ഭാവിയെക്കുറിച്ച് ആത്മവിശ്വാസം നൽകാനുമാണ് ഈ സെഷനുകൾ ലക്ഷ്യമിടുന്നത്. കർഷകർ, അധ്യാപകർ, വിദ്യാർത്ഥികൾ, സ്വയം സഹായ സംഘങ്ങൾ, സംരംഭകർ, സർക്കാർ-സ്വകാര്യ ജീവനക്കാർ, പ്രതിരോധ സേനാംഗങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി സംഘം നേരിട്ട് സംവദിക്കും.
ഇന്ത്യയുടെ ദീർഘകാല സാമൂഹിക-സാമ്പത്തിക വളർച്ചയ്ക്ക് സ്ത്രീകളുടെ സാമ്പത്തിക സാക്ഷരത അത്യന്താപേക്ഷിതമാണെന്ന് അവിനാശ് സത്യലേഖർ വ്യക്തമാക്കി. ടയർ 2, ടയർ 3 നഗരങ്ങളിലുള്ള സ്ത്രീകൾക്ക് ശരിയായ സാമ്പത്തിക അറിവും ഡിജിറ്റൽ ഫിനാൻസ് കൈകാര്യം ചെയ്യാനുള്ള ആത്മവിശ്വാസവും നൽകി അവരെ ശാക്തീകരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. സ്ത്രീകൾ വിവരമുള്ള സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നത് കുടുംബങ്ങളുടെയും സമൂഹത്തിന്റെയും അഭിവൃദ്ധിക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പായി ഈ ബോധവൽക്കരണ പരിപാടിയെ ഫ്രാങ്ക് ലിൻ ടെംപ്ലിടൺ കാണുന്നു. സമ്പാദ്യങ്ങളിൽ നിന്ന് നിക്ഷേപങ്ങളിലേക്ക് മാറാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിലൂടെ കൂടുതൽ ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ ഒരു സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കാൻ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
















