കൊങ്കു കലാ സാഹിത്യ സാംസ്കാരിക ഫെഡറേഷൻ ഉദ്ഘാടനത്തിനായി തിരുപ്പൂരിലെത്തിയ പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിനു നേരെ ചെരിപ്പേറ്. തിരുപ്പൂർ കളക്ടറേറ്റിന് മുന്നിൽ അദ്ദേഹത്തിന് നൽകിയ സ്വീകരണ ചടങ്ങിനിടെയാണ് സംഭവം. വൈരമുത്തുവിനു നേരെ ചെരിപ്പെറിഞ്ഞ യുവതിയെ പൊലീസ് പിടികൂടി ചോദ്യം ചെയ്തു. ചെരിപ്പ് വൈരമുത്തുവിന്റെ ദേഹത്തു തട്ടിയില്ലെങ്കിലും സ്ഥലത്തു നേരിയ സംഘർഷത്തിനു കാരണമായി.
കലക്ടറേറ്റിൽ പരാതി നൽകാനെത്തിയ ജയ എന്ന യുവതി നേരത്തെ നൽകിയ പരാതികളിൽ നടപടിയില്ലെന്ന് ആരോപിച്ച് കലക്ടറേറ്റിനു മുന്നിൽ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടയിൽ അവിടെയെത്തിയ വൈരമുത്തുവിനെ സ്വീകരിക്കാൻ തടിച്ചുകൂടിയവർക്കിടയിലേക്കു ചെരിപ്പെറിയുകയായിരുന്നു എന്നാണു പൊലീസ് ചോദ്യം ചെയ്തതിൽ നിന്നു മനസ്സിലായത്. പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
















