കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷന്‍ മുറ്റത്ത് നിര്‍ത്തിയിട്ട പൊലീസ് വാഹനം ഇടിച്ചു തകർത്തു. കൊറ്റാളി ആയുര്‍വേദ ആശുപത്രിക്ക് സമീപത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശി എം. പരമശിവം ആണ് പൊലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകർത്തത്.
ഇന്നലെ രാത്രി ഒമ്പതുമണിയോടെ കണ്ണൂർ കാട്ടാമ്പള്ളിയിലാണ് സംഭവം. പ്രതി താമസിക്കുന്ന സ്ഥലത്തിനടുത്തു ബന്ധുവീട്ടിൽ താമസിക്കാൻ എത്തിയ പതിനൊന്ന് വയസുകാരി പെൺകുട്ടിയെ ആരും ഇല്ലാത്ത സമയത്തു ഇയാൾ കടന്നു പിടിക്കുകയായിരുന്നു. സംഭവത്തിൽ പേടിച്ച പെൺകുട്ടി പെട്ടന്ന് ഇയാളെ തള്ളി മാറ്റി നിലവിളിച്ചുകൊണ്ട് അയൽവാസികളോടു വിവരം പറഞ്ഞു.
ഉടൻ തന്നെ അയൽവാസികൾ പരമശിവത്തെ പിടികൂടി തടഞ്ഞുവയ്ക്കുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. സ്റ്റേഷനിൽ എത്തിയ പ്രതി മുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകർക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് ബലം പ്രയോഗിച്ച് ഇയാളെ കീഴ്പ്പെടുത്തി. പ്രതിയെ പോക്സോ കുറ്റം ഉൾപ്പെടെ ചുമത്തി കോടതിയിൽ ഹാജരാക്കി
















