മുതലപ്പൊഴി അപകടത്തില്‍ കാണാതായ ഭര്‍ത്താവിനായുള്ള തിരച്ചില്‍ കണ്ടെത്തുന്നത് വരെ തുടരുമെന്നും, ഹൃദ്രോഗിയായ മകന്റെ ചികിത്സാച്ചുമതല നോക്കിക്കാളാമെന്ന് മന്ത്രിമാര്‍ ഉറപ്പുനല്‍കിയതായും സ്റ്റിജി പറഞ്ഞു. മന്ത്രിമാരുടെ സന്ദര്‍ശന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്റ്റിജി. ഭര്‍ത്താവിനെ കണ്ടെത്തുന്നത് വരെ തിരച്ചില്‍ നിര്‍ത്തിവെക്കില്ലെന്ന് മന്ത്രിമാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കടലിലെ ശക്തമായ അടിത്തട്ടിലെ ഒഴുക്ക് കാരണം നാവികസേനാ കപ്പലിന് വിഴിഞ്ഞം ഭാഗത്തേക്ക് മാറേണ്ടി വന്നുവെങ്കിലും തിരച്ചില്‍ തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇനിയൊരു ജീവന്‍ മുതലപ്പൊഴിയില്‍ പൊലിയാന്‍ പാടില്ലെന്ന് അവര്‍ മന്ത്രിമാരോടും കളക്ടറോടും അഭ്യര്‍ത്ഥിച്ചു.
കുടുംബത്തിലെയും ബന്ധുക്കളിലെയും ഭൂരിഭാഗം പേരും ഇതേ ജോലി ചെയ്യുന്നവരാണെന്നും, മുതലപ്പൊഴിയിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ അടിയന്തര നടപടിയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയതായും സ്റ്റിജി വ്യക്തമാക്കി. അതേസമയം മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന തിരച്ചിലില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ചകളും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ വ്യക്തമാക്കി. വളരെ ദൗര്‍ഭാഗ്യകരമായ കാര്യമാണ് സംഭവിച്ചതെന്നും, ഒരു കുടുംബത്തിനും ഉണ്ടാകാന്‍ പാടില്ലാത്ത സ്ഥിതിയാണിതെന്നും അദ്ദേഹം പറഞ്ഞു. നഷ്ടം സംഭവിച്ചവരെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് തനിക്കറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
















