ഏറെ വിവാദമായ തൊണ്ടിമുതൽ തിരുമറി കേസിൽ മുൻ മന്ത്രിയും എം.എൽ.എയുമായ ആന്റണി രാജു സമർപ്പിച്ച അപ്പീൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. വിചാരണ കോടതി വിധിച്ച മൂന്ന് വർഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം. കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടതോടെ ആന്റണി രാജുവിന് എം.എൽ.എ പദവി നഷ്ടമായിരുന്നു.
ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്ന കേസിൽ ആന്റണി രാജുവിനും കോടതി ക്ലർക്കായിരുന്ന കെ. ജോസിനും മൂന്ന് വർഷം തടവും പിഴയുമാണ് വിചാരണ കോടതി വിധിച്ചത്.
ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടു വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിച്ചതോടെ അദ്ദേഹം നിയമസഭാംഗത്വത്തിൽ നിന്നും അയോഗ്യനാക്കപ്പെട്ടു. ഈ സാഹചര്യത്തിൽ രാഷ്ട്രീയമായും നിയമപരമായും ഏറെ നിർണ്ണായകമാണ് ഇന്നത്തെ കോടതി നടപടികൾ.
1990-ൽ നടന്ന സംഭവത്തിൽ നീണ്ട 19 വർഷത്തെ നിയമ നടപടികൾക്ക് ശേഷമാണ് വിധി വന്നത്. ഓസ്‌ട്രേലിയൻ പൗരനായ സാൽവതോർ സാർലിയെ ലഹരിമരുന്ന് കേസിൽ നിന്നും രക്ഷപ്പെടുത്താൻ വേണ്ടി കോടതിയിലിരുന്ന തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിത്തയ്ച്ച് വലിപ്പം കുറച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കുറ്റം.
പ്രതിക്ക് അടിവസ്ത്രം പാകമാകുന്നില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തി കേസിലെ ശിക്ഷയിൽ നിന്ന് സാർലിയെ ഒഴിവാക്കാൻ ഈ കൃത്രിമത്തിലൂടെ സാധിച്ചിരുന്നു.
















