കണ്ണൂരിൽ മൊബൈൽ ആപ്പിലൂടെ സൗഹൃദം നടിച്ച് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച സംഘത്തെ ചക്കരക്കല്ല് പോലീസ് പിടികൂടി. കാഞ്ഞങ്ങാട് സ്വദേശികളായ മൈമുന (51), ഇബ്രാഹിം സജ്മൽ അർഷാദ് (28), എ.കെ. അബ്ദുൽ കലാം (52) എന്നിവർക്കൊപ്പം ഒരു 17-കാരിയുമാണ് പോലീസിന്റെ പിടിയിലായത്. കൊയ്യോട് സ്വദേശിയായ യുവാവിനെയാണ് ഇവർ തന്ത്രപൂർവ്വം ചതിയിൽപ്പെടുത്തിയത്.
സോഷ്യൽ മീഡിയ ആപ്പിലൂടെയാണ് പ്രതിയായ പെൺകുട്ടി യുവാവുമായി പരിചയത്തിലാകുന്നത്. സൗഹൃദം നടിച്ച് വിശ്വാസം പിടിച്ചുപറ്റിയ ശേഷം, കഴിഞ്ഞ ദിവസം യുവാവിനെ കാഞ്ഞങ്ങാട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പെൺകുട്ടി പറഞ്ഞതനുസരിച്ച് അവിടെയെത്തിയ യുവാവിനെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ചാണ് ഹണിട്രാപ്പ് സംഘത്തിന്റെ യഥാർത്ഥ മുഖം പുറത്തുവന്നത്.
യുവാവ് വീട്ടിലെത്തിയതിന് പിന്നാലെ മറ്റു പ്രതികൾ സംഘടിച്ചെത്തുകയും യുവാവിനെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇയാളെ നിർബന്ധിച്ച് പല രീതിയിലുള്ള ഫോട്ടോകൾ എടുപ്പിച്ചു. ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം, സംഭവത്തിൽ നിന്നും ഒഴിവാകണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
കയ്യിൽ അത്രയും തുകയില്ലെന്നും നാട്ടിലെത്തിച്ചു തന്നാൽ പണം നൽകാമെന്നും പറഞ്ഞ് യുവാവ് സംഘത്തെ വിശ്വസിപ്പിച്ചു. പ്രതികളുമായി ചക്കരക്കല്ലിലെത്തിയ യുവാവ് ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ചക്കരക്കല്ല് പോലീസ് സംഘത്തെ വളയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
















