ബി.ജെ.പി ടിക്കറ്റ് കിട്ടി പാര്‍ട്ടിയില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ആയതു തൊട്ട് തുടങ്ങിയതാണ് മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ രാഷ്ട്രീയ ജാതകത്തിലെ ശനിദശ. എന്തെങ്കിലും ആകാനല്ല പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് അന്നേ പറഞ്ഞിരുന്നതാണെങ്കിലും, വാഗ്ദാനം ചെയ്തത് തന്നില്ലെങ്കില്‍, അത് നീതികേടാണെന്ന് പറയാതെ വയ്യെന്ന നിലപാടിലാണ് ശ്രീലേഖ. മത്സരിക്കുന്നില്ലെന്ന് തലയില്‍ കൈവെച്ചു പറഞ്ഞിട്ടും, കോര്‍പ്പറേഷനില്‍ മേയറാക്കാമെന്ന മോഹന വാഗ്ദാനം നല്‍കിയത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ്. എന്നിട്ടും, പാര്‍ട്ടിയിലെ ഗ്രൂപ്പിസം ശക്തമാക്കി വി. മുരളീധരന്‍ തന്റെ പക്ഷത്തെ നോമിനിയായ വി.വി. രാജേഷിനെ മേയറാക്കി. മാനാഭിമാനമുള്ളതു കൊണ്ടും, സംസ്ഥാനത്തെ ചിട്ടയുള്ള, അച്ചടക്കമുള്ള, നല്ലതിനും, നീതിക്കുംവേണ്ടി മാത്രം നിലകൊള്ളമെന്നു പഠിപ്പിച്ച പോലീസ് സേനയുടെ തലപ്പത്തിരുന്നതു കൊണ്ടാണോ എന്തോ, പറഞ്ഞു പറ്റിച്ചുവെന്ന ധാരണ ഇപ്പോഴും ശ്രീലേഖയ്ക്കു വിട്ടു പോയിട്ടില്ല.
പക്ഷെ, നില്‍ക്കുന്നത്, പോലീസ് സേനയിലോ, സമരക്കാരുടെ മുമ്പിലോ അല്ലാത്തതുകൊണ്ട് മുഷ്‌ക്കും, മുന്‍കോപവുമൊന്നും വിലപ്പോവില്ല. അതറിയാവുന്നതു കൊണ്ടാണ് മറച്ചും പൊതിഞ്ഞുമൊക്കെ ഇടയ്ക്കിടയ്ക്ക് തന്റെ നിലപാട് പറയുന്നതും കാണിക്കുന്നതും. അതിനെല്ലാം മെമ്പൊടിയായി രാഷ്ട്രീയമറിയില്ല എന്നും, പോലീസില്‍ ഇരുന്നതു കൊണ്ടുമാണെന്നുമൊക്കെയുള്ള കാര്യവും പറയും. ഇന്നലെ ബി.ജെ.പിയുടെ സമുന്നതനായ നേതാവും, മൂന്നാം ടേമിലും ഇന്ത്യയെ മുന്നോട്ടു നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് എത്തിയ ദിവസമായിരുന്നു. അദ്ദേഹം വന്നാലും പോയാലും അതൊരു വലിയ സംഭവം തന്നെയാണ്. എന്നാല്‍, ഇന്നലെ ചില അനിഷ്ട സംഭവങ്ങളാല്‍ പ്രധാനമന്ത്രിയുടെ വരവിന് അല്‍പ്പം മാറ്റു കുറഞ്ഞോ എന്ന് ബി.ജെ.പിക്കാരാണ് സംശയം പ്രകടിപ്പിക്കുന്നത്.
അതിനു കാരണം, ഇന്നലെ പ്രധാനമന്ത്രി ഉണ്ടായിരുന്ന വേദിയില്‍ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. ശ്രീലേഖയുടെ വിരുദ്ധ ഇടപെടല്‍ തന്നെയാണ്. ചടങ്ങില്‍ ശോഭാ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞ് കഴിഞ്ഞതോടെ പ്രധാനമന്ത്രി വേദി വിടാന്‍ ഒരു വശത്തു കൂടി ഇറങ്ങുകയാണ്. സംസ്ഥാന ദേശീയ നേതാക്കളും പ്രവര്‍ത്തകരും മോദിക്കൊപ്പമുണ്ട്. എന്നാല്‍, വേദിയുടെ മറ്റേ വശത്ത് ആര്‍. ശ്രീലേഖ മാത്രം നില്‍ക്കുന്നു. എങ്ങോട്ടു പോകണമെന്ന തിട്ടമില്ലാതെയാണ് നില്‍പ്പ്. പ്രധാനമന്ത്രി അങ്ങോട്ടു വരുമെന്ന പ്രതീക്ഷയിലാണോ അതോ പ്രധാനമന്ത്രി എങ്ങോട്ടെങ്കിലും പോകട്ടേ എന്നാണോ ചിന്തിച്ചു നില്‍ക്കുന്നതെന്ന് ആര്‍ക്കും തോന്നിപ്പോകും. ശ്രീലേഖ മറ്റൊരു വഴിയിലൂടെ പുറത്തേക്കിറങ്ങുകയും ചെയ്തു.
ഇത് സദസ്സില്‍ ഇരുന്ന എല്ലാ ബി.ജെ.പി പ്രവര്‍ത്തകരും കണ്ടതുമാണ്. കണ്ടവരെല്ലാം ഞെട്ടുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ പൊതുസമ്മേളന വേദിയില്‍ പാര്‍ട്ടി നേതൃത്വത്തോടുള്ള അതൃപ്തി അങ്ങനെയും പരസ്യമാക്കാം എന്നതായിരുന്നു ശ്രീലേഖയുടെ സ്ട്രാറ്റജിക്കല്‍ മൂവ്. പ്രധാനമന്ത്രിയുടെ മുമ്പില്‍ ഇങ്ങനെ ചെയ്യാന്‍ ധൈര്യം കാട്ടിയെങ്കില്‍ കേരളത്തിലെ ബി.ജെ.പി സംസ്ഥാന നേതാക്കളൊക്കെ ശ്രീലേഖയുടെ മുമ്പില്‍ മുട്ടിലിഴയുമെന്നുറപ്പ്. ബി.ജെ.പി നേതൃത്വമാകെ അമ്പരന്നിരിക്കുകയാണ് ഇപ്പോഴും. തലവേദനയാകുമോ എന്നതിലും സംശയമില്ല. ഉപാധ്യക്ഷനെ എങ്ങനെ അനുനയിപ്പിക്കണമെന്ന കാര്യത്തില്‍ എത്തുപിടിയുമില്ലാതെ നില്‍ക്കുകയാണ് സംസ്ഥാന നേതൃത്വം. ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ എന്നതിനപ്പുറം ബി.ജെ.പിയില്‍ നിന്നും ഇനിയൊന്നും പ്രതീക്ഷിക്കരുതെന്ന സന്ദേശവും പാര്‍ട്ടി നല്‍കിക്കഴിഞ്ഞു.
ഇന്നലെ നടന്ന ചടങ്ങില്‍ ഉടനീളം പ്രധാനമന്ത്രിയുമായി അകലം പാലിച്ച അവര്‍, പ്രധാനമന്ത്രിയെ യാത്രയാക്കുന്ന സമയത്തും മറ്റ് നേതാക്കള്‍ക്കൊപ്പം ചേരാതെ മാറിനിന്നു. മേയര്‍ സ്ഥാനം വാഗ്ദാനം ചെയ്താണ് തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതെന്നും എന്നാല്‍ പിന്നീട് തന്നെ തഴഞ്ഞുവെന്നും ശ്രീലേഖ നേരത്തെ ആരോപിച്ചിരുന്നു. ഈ അതൃപ്തിയാണ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലും പ്രകടമായത് എന്നു വിശ്വസിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുമുണ്ട്. പ്രധാനമന്ത്രിക്ക് തൊട്ടുപിന്നിലായിരുന്നു ശ്രീലേഖയ്ക്ക് ഇരിപ്പിടം. എന്നാല്‍ അദ്ദേഹത്തോട് സംസാരിക്കാനോ അടുത്ത് ചെല്ലാനോ അവര്‍ തയ്യാറായില്ല. പ്രധാനമന്ത്രി മേയര്‍ വി.വി. രാജേഷിനെ ആലിംഗനം ചെയ്തപ്പോഴും ആവേശത്തോടെ പ്രസംഗിച്ചപ്പോഴും മറ്റ് നേതാക്കളും പ്രവര്‍ത്തകരും ആഹ്ലാദിച്ചെങ്കിലും ശ്രീലേഖ നിസ്സംഗയായി ഇരിക്കുക മാത്രമായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി ബിജെപി നടത്തിയ ഈ സമ്മേളനത്തിലും ശ്രീലേഖയുടെ പെരുമാറ്റം പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തിന്റെ തെളിവായി മാറിയിട്ടുണ്ട്. ഔദ്യോഗിക ഗ്രൂപ്പും വിമത ഗ്രൂപ്പും തമ്മിലുള്ള വടംവലിയില്‍ വിമത ഗ്രൂപ്പാണ് ഇപ്പോള്‍ ശക്തമായി നില്‍ക്കുന്നത്. ഔദ്യോഗിക ഗ്രൂപ്പ് അക്കാദമിക്കല്‍ ഗ്രൂപ്പായതു കൊണ്ടും വിമത ഗ്രൂപ്പ് രാഷ്ട്രയക്കാര്‍ മാത്രമായതു കൊണ്ടുമാണ് ഈ മുന്‍തൂക്കം എന്നാണ് വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ ഈ അസ്വാരസ്യം പരസ്യമായ എതിര്‍പ്പുകളും വാഗ്വാദങ്ങള്‍ക്കും വഴിവെയ്ക്കുമെന്നുറപ്പിക്കാം. കാരണം, ഓരോ ഘട്ടങ്ങളിലും തന്റെ വിയോജിപ്പും, താല്‍പ്പര്യമില്ലായ്മയും ശ്രീലേഖ പ്രകടിപ്പിച്ചിട്ടുണ്ട്. മേയര്‍ വി.വി. രാജേഷിന്റെയും ഡെപ്യൂട്ടി മേയര്‍ ആശാനാഥിന്റെയും സത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ത്തിയാകുന്നതിന് മുന്‍പേ ശ്രീലേഖ വേദി വിട്ടത് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു.
കോര്‍പ്പറേഷന്‍ ഭരണം ബിജെപി പിടിച്ചപ്പോള്‍ മേയര്‍ സ്ഥാനത്തിനായി പാര്‍ട്ടിയില്‍ രണ്ട് തട്ടിലായിരുന്നു നേതാക്കള്‍. ഒരു വിഭാഗം ശ്രീലേഖയെ പിന്തുണച്ചപ്പോള്‍, ആര്‍എസ്എസും മുതിര്‍ന്ന നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യം മുന്‍നിര്‍ത്തി വി.വി. രാജേഷിനായി നിലകൊണ്ടു. ഇതോടെയാണ് ശ്രീലേഖയ്ക്ക് അവസരം നഷ്ടമായത്. 2024 ഒക്ടോബറില്‍ ബിജെപിയില്‍ ചേര്‍ന്ന ശ്രീലേഖയെ രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചിരുന്നു. രാഷ്ട്രീയരംഗത്ത് കൂടുതല്‍ പ്രവര്‍ത്തന പാരമ്പര്യമുള്ളയാള്‍ മേയറാകണമെന്ന ആര്‍എസ്എസിന്റെ കടുത്ത നിലപാടാണ് ശ്രീലേഖയ്ക്ക് തിരിച്ചടിയായതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
അഥേസമയം, തനിക്ക് പ്രധാനമന്ത്രിയുടെ വേദയില്‍ എങ്ങനെ പെരുമാറണം എന്നതിനെ കുറിച്ചുള്ള ധാരണ ഇല്ലാതിരുന്നതാണ് പ്രശ്‌നമെന്ന് ശ്രീലേഖ തന്നെ സമ്മതിച്ചു കൊണ്ട് ഒരു വീഡിയോ ഇറക്കിയിട്ടുണ്ട്. അതില്‍ പറയു്‌നത്, താനൊരു പോലീസ് ഉദ്യോഗസ്ഥ ആയിരുന്നതു കൊണ്ട് രാഷ്ട്രീയ നേതാക്കളുടെ മുമ്പില്‍ ചെല്ലുന്നതിന് പരിമിതികള്‍ ഉണ്ടായിരുന്നു. ആ ഒരു ചിന്ത കൊണ്ടാണ് പോകാതിരുന്നതെന്നാണ്. വിശദീകരണങ്ങളും വിശകലനങ്ങളും ഈ വിഷയത്തില്‍ കൂടുതല്‍ നടത്തുമ്പോഴും വിവാദങ്ങള്‍ കത്തുക തന്നെ ചെയ്യും. കാരണം, നിയമസഭാ തെരഞ്ഞെടുപ്പു കാലമാണ് വരാന്‍ പോകുന്നത്. അതില്‍ ബി.ജെ.പിക്കെതിരേ ആ#്ഞടിക്കാന്‍ പ്രതിപക്ഷം ഓരോ ചെറിയ വിഷയങ്ങളും ആയുധമാക്കും.
CONTENT HIGH LIGHTS; Modi, Vedi and R. Sreelekha?: DGP says no response; Will BJP face a headache?
















