കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ്സ് ന്യൂ ഇയര്‍ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പില്‍ 20 കോടി രൂപയുടെ ഒന്നാം സമ്മാനം XC138455 എന്ന നമ്പര്‍ ടിക്കറ്റിന് ലഭിച്ചു. കോട്ടയം ജില്ലയിലെ ഏജന്റ് സുദീക്ക് എ. ആണ് ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്. ഇതേ നമ്പര്‍ വരുന്ന മറ്റ് ഒന്‍പത് പരമ്പരകള്‍ക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.
ഇരുപതു കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ക്രിസ്തുമസ് പുതുവത്സര ബമ്പറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. 54,08,880 ടിക്കറ്റുകളുടെ റെക്കോര്‍ഡ് വില്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ടിക്കറ്റുകളുടെ വില്പന 47,65,650 ആയിരുന്നു. ഇത്തവണയും ഏറ്റവും കൂടുതല്‍ വില്പന നടന്നത് പാലക്കാട് ജില്ലയിലാണ്, 13,09,300 ടിക്കറ്റുകളാണ് വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂര്‍ ജില്ലയില്‍ 5,91,100 ടിക്കറ്റുകളാണ് വിറ്റത്. മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 5,55,920 ടിക്കറ്റുകളുടെ വില്പന നടന്നു.
ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനമായി ലഭിക്കുക. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേര്‍ക്കും, നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേര്‍ക്കും, അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉള്‍പ്പെടെ ആകെ 6,21,990 എണ്ണം സമ്മാനങ്ങളാണ് ഭാഗ്യടിക്കറ്റുകള്‍ കരസ്ഥമാക്കിയവര്‍ക്ക് ലഭിക്കുക. ഡെപ്യൂട്ടി ഡയറക്ടര്‍ അജി ജയകുമാര്‍ ക്രിസ്തുമസ്സ് ന്യൂ ഇയര്‍ ബമ്പര്‍ നറുക്കെടുപ്പിന് നേതൃത്വം നല്‍കി.
















