ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിനുള്ള നറുക്കെടുപ്പിനായി പരിഗണിക്കുന്നത് നേരത്തെ തീരുമാനിച്ച അഞ്ചുപേരെ മാത്രമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ. അപ്പീലുകളില്‍ ഹാജരായ ആരെയും മാനദണ്ഡങ്ങള്‍ പ്രകാരം പരിഗണിക്കാൻ സാധിച്ചിട്ടില്ല. ശബരിമല മുന്നൊരുക്കത്തിന്‍റെ ആദ്യ റിപ്പോർട്ട് സർക്കാരിന് തിങ്കളാഴ്ച ബോർഡ് നല്‍കുമെന്നും ജയകുമാർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പറഞ്ഞു.
“47 അപ്പീലുകളാണ് മേൽശാന്തി നിയമനമായി ബന്ധപ്പെട്ട കിട്ടിയത്. എല്ലാവരെയും ഞങ്ങൾ കേട്ടു. പത്തുവർഷം തുടർച്ചയായി മൂന്ന് ക്ഷേത്രങ്ങളിൽ പൂജ ചെയ്തവരെയാണ് പരിഗണിച്ചത്. അങ്ങനെ അല്ലാത്തവരെ വിജിലൻസ് ഒഴിവാക്കി”- കെ ജയകുമാർ പറഞ്ഞു.
ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ശാന്തിമാർക്ക് വിജിലൻസ് വെക്കുന്ന മാനദണ്ഡങ്ങൾ ബുദ്ധിമുട്ടാകുന്നുണ്ടെന്ന് കെ ജയകുമാർ ചൂണ്ടിക്കാട്ടി. ട്രാൻസ്ഫറുകൾ പ്രതിസന്ധി ആകുന്നുണ്ട്. മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ ആകുമോ എന്ന് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.















