തൃശൂർ: റെയിൽവേ ട്രാക്കിൽ ആത്മഹത്യക്ക് ശ്രമിച്ച 58-കാരനെ ആളൂർ പൊലീസ് സമയോചിത ഇടപെടലിലൂടെ രക്ഷിച്ചു. ഉറുമ്പൻകുന്ന് സ്വദേശി ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്നലെ പുലർച്ചെ വെള്ളാഞ്ചിറ കാൽവരിക്കുന്ന് ഭാഗത്ത് റെയിൽവേ ട്രാക്കിൽ ആണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാൽവരിക്കുന്ന് പള്ളിക്ക് സമീപം എറണാകുളത്തേക്ക് പോകുന്ന ട്രാക്കിൽ ഒരാൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഇരിങ്ങാലക്കുട സ്റ്റേഷൻ മാസ്റ്റർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സന്ദേശം ലഭിച്ച ഉടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ആളൂർ പൊലീസ് സ്റ്റേഷൻ ഗ്രേഡ് എസ്.ഐ ജെയ്‌സൺ, സി.പി.ഒ ഹരികൃഷ്ണൻ, ഹോം ഗാർഡ് ജോയ് എന്നിവർ നിമിഷങ്ങൾക്കുള്ളിൽ സ്ഥലത്തേക്ക് പാഞ്ഞെത്തി.
പൊലീസ് എത്തുമ്പോൾ മധ്യവയസ്കൻ ട്രാക്കിൽ തലവെച്ച് കിടക്കുകയായിരുന്നു. ട്രെയിൻ വരാൻ സാധ്യതയുള്ളതിനാൽ ഒട്ടും സമയം കളയാതെ ഉദ്യോഗസ്ഥർ ട്രാക്കിലേക്ക് ഓടിക്കയറി ഇദ്ദേഹത്തെ ബലമായി പിടിച്ചുമാറ്റുകയായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് വലിയൊരു ദുരന്തം ഒഴിവായത്.
റെയിൽവേ ട്രാക്കിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ഇദ്ദേഹത്തെ പൊലീസ് ആശ്വസിപ്പിക്കുകയും ഉടൻ തന്നെ ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിന്റെ കൃത്യസമയത്തുള്ള ഇടപെടലിനെ നാട്ടുകാർ അഭിനന്ദിച്ചു.
















