ഗുജറാത്തിലെ വഡോദരയിലെ കർജാൻ താലൂക്കിൽ മുതലയെ തല്ലിക്കൊന്ന് കുളത്തിലിട്ട യുവാക്കൾ അറസ്റ്റിൽ. രാത്രി നടക്കാനിറങ്ങിയപ്പോഴാണ് ബിപിൻ നായക്, വിത്തൽ നായക് എന്നീ യുവാക്കൾ 5 അടിയിലേറെ നീളമുള്ള മുതലയെ കണ്ടത്.
തുടർന്ന് യുവാക്കൾ വടി ഉപയോഗിച്ച് തല്ലിക്കൊന്ന് മുതലയെ കുളത്തിലേക്കിട്ടു. സമീപത്തെ കുളത്തിൽ നിന്നും വഴിയോരത്തേക്കെത്തിയതായിരുന്നു മുതല. അഞ്ച് വയസ്സോളം പ്രായമുള്ള മുതലയാണ് യുവാക്കളുടെ ആക്രമണത്തിൽ ചത്തത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഒരാൾ വടികൊണ്ട് മുതലയെ തല്ലുമ്പോൾ രണ്ടാമത്തെയാൾ ടോർച്ച് അടിച്ച് വെളിച്ചം കാണിക്കുന്ന ദൃശ്യമാണ് പുറത്ത് വന്നത്. ദൃശ്യങ്ങൾ വൈറലായതോടെ വനംവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പിന്നാലെയാണ് യുവാക്കൾ പിടിയിലായത്.
















