നടനും ടിവികെ നേതാവും ആയ വിജയ് അവസാനമായി അഭിനയിക്കുന്ന സിനിമ ജനനായകൻ റിലീസ് ഇനിയും വൈകും. സിനിമയ്ക്ക് ‘യു/എ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇന്ന് ഉത്തരവിട്ടത്.
സ്വാഭാവികനീതി പാലിക്കപ്പെട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, വിഷയം വീണ്ടും പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് തിരിച്ചയച്ചു.സെൻസർ ബോർഡിന് (CBFC) മറുപടി നൽകാൻ മതിയായ അവസരം നൽകിയശേഷം സിംഗിൾ ബെഞ്ച് പുതിയ തീരുമാനമെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറയുന്നു.
ഈ നടപടി ക്രമങ്ങൾ പൂർത്തിയാകാൻ ഇനിയും വൈകുമെന്നതിനാൽ ചിത്രത്തിന്റെ റിലീസ് വൈകും. ഫെബ്രുവരി 16 ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രചാരണങ്ങളുണ്ടായിരുന്നുവെങ്കിലും കോടതി നടപടികൾ നിലനിൽക്കെ അതിന് സാധ്യതയില്ല.
















