സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട കൊറിയൻ സുഹൃത്തിന്റെ വിയോഗത്തിൽ മനംനൊന്താണ് എറണാകുളത്തു പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. തിരുവാങ്കുളം മാമല കക്കാട് കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യ (16) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീടിന് സമീപത്തെ ക്വാറിയിലെ വെള്ളക്കെട്ടിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സ്കൂളിലേക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയ ആദിത്യയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് പെൺകുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോൾ പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ സ്വദേശിയായ യുവാവ് ഈ മാസം 19-ന് മരിച്ചതായും, ഇതിലുള്ള വിഷമം സഹിക്കാനാവാതെയാണ് താൻ ജീവിതം അവസാനിപ്പിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.
സംഭവത്തിൽ ചോറ്റാനിക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആദിത്യയുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കുറിപ്പിൽ പരാമർശിക്കുന്ന കൊറിയൻ യുവാവ് ആരാണെന്നും ഇയാൾ യഥാർത്ഥത്തിൽ മരിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്.
















