നാളെ അവതരിപ്പിക്കാനിരിക്കുന്ന സംസ്ഥാന ബജറ്റിന് മുന്നോടിയായി കേരളത്തിന്റെ സാമ്പത്തിക നില വ്യക്തമാക്കുന്ന ‘സാമ്പത്തിക അവലോകന റിപ്പോർട്ട്’ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ സമർപ്പിച്ചു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സംസ്ഥാനം മികച്ച വളർച്ച കൈവരിച്ചെന്നാണ് റിപ്പോർട്ട് പറയുന്നത്.
മൊത്തം ആഭ്യന്തര ഉൽപ്പാദനം 9.3 ശതമാനത്തിൽ നിന്ന് 9.97 ശതമാനമായി ഉയർന്നു. 6.19 ശതമാനത്തിൻ്റെ വളർച്ചയുണ്ടായി. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 685 ലക്ഷം കോടി രൂപയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനവും പ്രതിശീർഷ വരുമാനവും കൂടി. ഉയർന്ന പ്രതിശീർഷ വരുമാനമുള്ള ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെടുന്നു. മലയാളിയുടെ പ്രതിശീർഷ വരുമാനം 1.90 ലക്ഷം രൂപയായി. ഇത് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. മൊത്തം സംസ്ഥാന മൂല്യ വർധന 6.59 ശതമാനമായി ഉയർന്നെന്നും സാമ്പത്തിക അവലോകന റിപ്പോർട്ട്.
കൃഷിയിലും മത്സ്യ മേഖലയിലും വളർച്ചയുണ്ടായി. കൃഷി 1.25 ശതമാനത്തിൽ നിന്നും 2.14 ആയി ഉയർന്നു. മത്സ്യമേഖല നെഗറ്റീവ് വളർച്ചയിൽ നിന്ന് 10.55 ശതമാനം വളർച്ച നേടി. റവന്യൂ ചെലവും മൂലധന ചെലവും കൂടി. റവന്യൂ ചെലവിന്‍റെ വളര്‍ച്ച .5 ശതമാനത്തിൽ നിന്ന് 9.3 ശതമാനമായി. മൂലധന ചെലവ് .48 ശതമാനത്തിൽ നിന്ന് 8.96 ശതമാനമായി. നടപ്പുവർഷം ജിഎസ്ഡിപി 6.2 ശതമാനം വളർന്നെന്നും സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു.
















