അഭ്രപാളികളില്‍ തിളങ്ങിയ താരങ്ങളില്‍ താരപരിവേഷം ജീവിതത്തില്‍ അണിയാത്ത അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു മാള അരവിന്ദന്‍ എന്ന സിനിമാക്കാരുടെ പ്രീയപ്പെട്ട മാളച്ചേട്ടന്‍. അരവിന്ദന്‍ എന്ന തന്റെ പേരിനും അപ്പുറം മാള എന്ന തന്റെ പ്രീയപ്പെട്ട ജന്മദേശത്തെ തന്റെ പേരിനേക്കാളും ഉയരത്തില്‍ എത്തിച്ച നടന്‍. ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന നിലയില്‍ സിനിമയിലെ എല്ലാ വിഭാഗം പ്രവര്‍ത്തകരുമായും നിരന്തരബന്ധം പുലര്‍ത്തേണ്ടിവരുമെങ്കിലും ആത്മാര്‍ത്ഥവും സത്യസന്ധവുമായ സ്‌നേഹബന്ധങ്ങള്‍ ചിലരുമായേ ഉണ്ടാകാറുളളു. അത്തരത്തിലെ ഒരു സ്‌നേഹബന്ധമായിരുന്നു മാളചേട്ടനുമായി ഉണ്ടായിരുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീമൂലനഗരം മോഹന്‍ എഴുതിയ ‘കോടിജന്മങ്ങളായ്’എന്ന നാടകത്തിന്റെ പാലക്കാട് ജില്ലയിലെ കുറ്റനാടുളള റിഹേഴ്‌സല്‍ ക്യാമ്പില്‍ വെച്ചാണ് മാളചേട്ടനേ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത്.മാളച്ചേട്ടനായിരുന്നു ആ നാടകത്തിന്റെ സംവിധായകന്‍. അന്ന് വെറും പരിചയപ്പെടലില്‍ തുടങ്ങിയ ബന്ധം പിന്നീട് സൗഹൃദത്തിനും സ്‌നേഹത്തിനും വഴിമാറി. ഞാന്‍ നിര്‍മ്മാണ നിര്‍വ്വഹണം നിര്‍വ്വഹിച്ച ഒട്ടനവധി സിനിമകളില്‍ അദ്ദേഹത്തെ സഹകരിപ്പിക്കുവാന്‍ എനിക്ക് സാധിച്ചു. ചിത്രീകരണ സമയങ്ങളിലോ അല്ലാത്തപ്പോഴോ യൊതൊരു വിധ ബുദ്ധിമുട്ടുകളും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഓരോ പുതിയ ചിത്രങ്ങളിലേക്കും അദ്ദേഹത്തെ കരാര്‍ ചെയ്യുമ്പോള്‍ മനസ്സിന് പൂര്‍ണ്ണ സംതൃപ്തി ഉണ്ടായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടി.വി. ചന്ദ്രന്‍ സാര്‍ സംവിധാനം ചെയ്ത ‘ശങ്കരനും മോഹനനും’ എന്ന ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് അതില്‍ ഒരു കഥാപാത്രം മാളച്ചേട്ടന് നല്‍കുവാന്‍ തീരുമാനിക്കുകയും ഫോണിലൂടെ ആ വിവരം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. വളരെയധികം സന്തോഷത്തോടെ പ്രതികരിച്ച അദ്ദേഹം ഉടന്‍ തന്നെ സമ്മതിക്കുകയും ഞങ്ങളുടെ ടീമിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ ആവേശം മറച്ചുവെക്കാതെ പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിധി അദ്ദേഹത്തിന്റെ ആ ആഗ്രഹത്തിന് കൂച്ചുവിലങ്ങിട്ടു- കൊയിലാണ്ടിയിലാണ് ചിത്രീകരണം നടന്നുകൊണ്ടിരുന്നത്. എത്തിച്ചേരേണ്ടതിന്റെ രണ്ട് ദിവസം മുന്‍പ് എന്നെ ഫോണില്‍ വിളിക്കുകയും കാലുകള്‍ നീരുവന്ന് അസഹ്യമായ വേദനയും കൂടി ഉളളതിനാല്‍ എത്തിച്ചേരാന്‍ കഴിയില്ലായെന്ന് സങ്കടത്തോടെ അറിയിക്കുകയും ചെയ്തു.
ഒരിക്കലും വാക്ക് തെറ്റിക്കാത്ത മാളച്ചേട്ടന് ഇങ്ങിനെ ഒരു വിവരം അറിയിക്കുമ്പോള്‍ തന്റെ കാലിന്റെ വേദനയേക്കാള്‍ വാക്കുപറഞ്ഞിട്ടും എത്തിച്ചേരാന്‍ കഴിയാത്തതിന്റെ വേദനയായിരുന്നു കൂടുതല്‍ . ഒരല്പമെങ്കിലും തന്റെ ആരോഗ്യസ്ഥിതി അനുവദിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ആദ്ദേഹം എത്തിച്ചേരുമായിരുന്നു. ഒടുവില്‍ വിഷമത്തോടെ മാളച്ചേട്ടനെ മാറ്റുകയും പകരം ആ വേഷം മറ്റൊരു നടനെ ഏല്‍പ്പിക്കുകയും ചെയ്തു. സിനിമയുമായി ബന്ധപ്പെട്ടും അല്ലാതെയും കേരളത്തില്‍ അങ്ങോളമിങ്ങോളം പലയിടത്തു മാളച്ചേട്ടനോടൊപ്പം യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. ഈ യാത്രകളിലൊക്കെയും തമാശയും ഗൗരവവും നിറഞ്ഞ വിഷയങ്ങള്‍ ചര്‍ച്ചകള്‍ ആക്കാറുമുണ്ട്.
നിരവധി തവണ അദ്ദേഹത്തിന്റെ ആ വീട്ടില്‍ ആ പ്രതിഭയുടെ അതിഥിയാകുവാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. ഒരിക്കല്‍ അത്തരം ഒരു സന്ദര്‍ശനത്തിന് ശേഷം ഞങ്ങള്‍ കാറില്‍ മടങ്ങുമ്പോള്‍ അദ്ദേഹം ഇടക്കിടെ മാളയിലെ ചില സ്ഥലങ്ങള്‍ കാണിച്ച് സന്തോഷത്തോടുകൂടി ഇത് ഞാന്‍ വാങ്ങിയതാണ്, ഇത് ഞാന്‍ വാങ്ങിയതാണ് എന്ന് പറഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ അപ്പോള്‍ ഇനി മാള പോലീസ് സ്റ്റേഷനും കൂടിയേ വാങ്ങാന്‍ ബാക്കിയുളളു അല്ലേ… എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ സ്വയം മറന്ന് പൊട്ടിച്ചിരിച്ചു.
നിഷ്‌കളങ്കമായ ആ പൊട്ടിച്ചിരി ഇന്നും എന്റെ കാതുകളില്‍ വന്ന് അണയ്ക്കുന്നുണ്ട്. നിരവധി അനവധി വേഷങ്ങള്‍ കെട്ടി ആടിയും പാടിയും ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആബാലവൃദ്ധം ജനത്തേയും പൊട്ടിച്ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ആ അതുല്യപ്രതിഭയുടെ വിയോഗം ചലചിത്രപ്രവര്‍ത്തകര്‍ക്കും ആസ്വാദകര്‍ക്കും തീരാനഷ്ടം തന്നെയാണ്. ഒപ്പം ഒരു സഹപ്രവര്‍ത്തകനേക്കാള്‍ ഉപരി സ്‌നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത എനിക്ക് തീരാ നൊമ്പരവും. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സ്‌നേഹ പ്രണാമം.
CONTENT HIGH LIGHTS; “Aaravindan is no longer a Mala”: Film production controller and writer Shaji Pattikkara writes
















