പ്രമുഖ ബോളിവുഡ് ഗായകൻ അർജിത് സിങ് പിന്നണി ഗാന രംഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. താരത്തിന്റെ തീരുമാനം ആരാധകർക്ക് ഉൾക്കൊള്ളാനായിട്ടില്ല. ആസ്വാദകർ എന്നും ഓർത്തിരിക്കുന്ന നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് അർജിത് സിങ്.
പുതിയ പിന്നണിഗാന പ്രോജക്ടുകൾ ഏറ്റെടുക്കില്ലെന്ന് അർജിത് സിങ് കുറിച്ചു. സ്വതന്ത്ര സംഗീത നിർമാണത്തിലേക്ക് കടക്കുന്നതിനായാണ് താരം പിന്നണിഗാന രംഗം വിടുന്നത് എന്നാണ് റിപ്പോർട്ടുകൾ.
അർജിത് സിങ് പങ്കുവച്ച കുറിപ്പ്: ‘ഹലോ, എല്ലാവർക്കും പുതുവത്സരാശംസകൾ. ശ്രോതാക്കൾ എന്ന നിലയിൽ ഇത്രയും വർഷമായി എനിക്ക് സ്നേഹം നൽകിയതിന് നന്ദി. ഇനി മുതൽ ഒരു പിന്നണി ഗായകനെന്ന നിലയിൽ ഞാൻ പുതിയ അസൈൻമെന്റുകളൊന്നും ഏറ്റെടുക്കില്ലെന്ന് അറിയിക്കുകയാണ്. ഞാൻ അത് അവസാനിപ്പിക്കുകയാണ്. ഇതൊരു അദ്ഭുതകരമായ യാത്രയായിരുന്നു.’
മുൻപ് ഏറ്റെടുത്ത ചില വർക്കുകൾ തീർക്കാനുള്ളതുകൊണ്ട് ഈ വർഷം ചില റിലീസുകൾ ഉണ്ടാകുമെന്ന് അർജിത് സിങ് വ്യക്തമാക്കി. സംഗീതം ചെയ്യുന്നത് നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഒരു കലാകാരനായി പഠിക്കുകയും പരിണമിക്കുകയും ചെയ്തുകൊണ്ട് സ്വതന്ത്രമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്നും അർജിത് സിങ് പറഞ്ഞു.
പിന്നണിഗാന രംഗത്ത് നിന്ന് വിരമിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ആരാധകരെയും അമ്പരപ്പിച്ചിട്ടുണ്ട്. എങ്കിലും, അർജിത്തിന്റെ സ്വതന്ത്ര സംഗീതം ഉടൻ ആസ്വദിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
















