എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യം വേണ്ടെന്ന തീരുമാനം ഡയറക്ടർ ബോർഡ് ഏകകണ്ഠമായി അംഗീകരിച്ചതായി ഇന്ന് നടന്ന വാർത്ത സമ്മേളനത്തിൽ വെളിപ്പെടുത്തി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പിന്മാറ്റത്തിന് പിന്നിൽ മറ്റ് ഇടപെടലുകൾ ഉണ്ടെന്ന വെള്ളാപ്പള്ളിയുടെ ആരോപണം തെറ്റാണെന്നും ഇതിൽ മറ്റൊരു രാഷ്ട്രീയപ്പാർട്ടിയുടെയും ഇടപെടലില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
കൂടാതെ തുഷാർ വെള്ളാപ്പള്ളി ചർച്ചയ്ക്കായി വരാമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി നേതാവായ അദ്ദേഹം എങ്ങനെ ഇത്തരം ചർച്ചകളിൽ ഇടപെടും എന്ന് ചോദിച്ച് താൻ അത് വിലക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്നവർ തമ്മിൽ പൊരുത്തപ്പെടാൻ കഴിയില്ലെന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടെന്നോ മറ്റ് സമുദായങ്ങൾക്ക് എതിരാണെന്നോ വരുത്തിത്തീർക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഎസ്എസിലുള്ളവർ തന്നെ വെറുക്കില്ലെന്നും താൻ ആഗ്രഹിച്ചിരുന്നെങ്കിൽ പത്മഭൂഷൺ ഉൾപ്പെടെയുള്ള ബഹുമതികളും സ്ഥാനമാനങ്ങളും പണ്ടേ എളുപ്പത്തിൽ നേടിയെടുക്കാൻ തനിക്ക് സാധിക്കുമായിരുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു.
















