രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ധർ’. ഇപ്പോഴിതാ ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ചരിത്രം കുറിച്ച് ‘ധുരന്ധർ’. ഇന്ത്യയിൽ നിന്നു മാത്രം 1000 കോടി രൂപ ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ ബോളിവുഡ് ചിത്രമായി ധുരന്ധർ മാറി.
ഇതോടെ, ബാഹുബലി 2, കെജിഎഫ് 2, പുഷ്പ 2 എന്നീ തെന്നിന്ത്യൻ ചിത്രങ്ങൾ മാത്രം ഉൾപ്പെട്ടിരുന്ന 1000 കോടി ക്ലബ്ബിൽ ഇടംനേടുന്ന ആദ്യ ഹിന്ദി ചിത്രമായി ‘ധുരന്ധർ’ മാറി. റിലീസ് ചെയ്ത് എട്ടാം വാരത്തിലാണ് രൺവീർ ചിത്രം ഈ അപൂർവ്വ നാഴികക്കല്ല് പിന്നിട്ടത്. റിപ്പബ്ലിക് ദിനമായ ജനുവരി 26-ന്, അതായത് റിലീസ് ചെയ്ത് 53-ാം ദിവസമാണ് ചിത്രം ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്. അന്നേ ദിവസം ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 1.25 കോടി രൂപ അധികം സമാഹരിച്ചു. നിലവിൽ 1002 കോടി രൂപയാണ് ധുരന്ധറിന്റെ ഇന്ത്യയിലെ ആകെ ഗ്രോസ് കളക്ഷൻ (835 കോടി രൂപ നെറ്റ് കളക്ഷൻ). ഇതിനുമുമ്പ് ഷാരൂഖ് ഖാന്റെ ‘ജവാൻ’ എന്ന സിനിമ സ്വന്തമാക്കിയ 760 കോടി രൂപയുടെ റെക്കോർഡാണ് ധുരന്ധർ മറികടന്നത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ് ധുരന്ധർ. 1471 കോടി രൂപ നേടിയ ‘പുഷ്പ 2: ദ റൂൾ’, 1417 കോടി രൂപ നേടിയ ‘ബാഹുബലി 2: ദ കൺക്ലൂഷൻ’ എന്നിവയാണ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ. കന്നഡ ചിത്രമായ ‘കെജിഎഫ് ചാപ്റ്റർ 2’ (1001 കോടി രൂപ) നാലാം സ്ഥാനത്താണ്. പട്ടികയിലെ ആദ്യ നാല് സ്ഥാനങ്ങളിൽ ദക്ഷിണേന്ത്യയിൽ നിന്നല്ലാത്ത ഒരേയൊരു ചിത്രം കൂടിയാണ് ധുരന്ധർ.
അന്താരാഷ്ട്ര വിപണിയിലും മികച്ച പ്രകടനമാണ് ഈ സ്പൈ ത്രില്ലർ കാഴ്ചവെച്ചത്. മിഡിൽ ഈസ്റ്റിലെ നിരോധനം വകവെക്കാതെ തന്നെ വിദേശ രാജ്യങ്ങളിൽ നിന്ന് 33 മില്യൺ ഡോളർ ചിത്രം സ്വന്തമാക്കി. ധുരന്ധറിന്റെ ആഗോളതലത്തിലുള്ള ആകെ ഗ്രോസ് കളക്ഷൻ ഏകദേശം 1300 കോടി രൂപയാണ്. രൺവീർ സിംഗിനെ കൂടാതെ അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. കഥയുടെ ബാക്കി ഭാഗം പറയുന്ന ‘ധുരന്ധർ 2’ മാർച്ചിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
















