പത്തനംതിട്ടയിൽ 50 പവനിലധികം സ്വർണാഭരണങ്ങൾ മോഷണം പോയി. കൈപ്പുഴയിൽ പ്രവാസിയായ ബിജുനാഥിന്റെ വീട്ടിൽ ആണ് മോഷണം നടന്നത്. കിടപ്പുമുറിയിലെ അലമാര കുത്തി തുറന്നാണ് മോഷണം.
ബിജുവും കുടുംബവും വിദേശത്താണ് താമസം. ബിജുവിൻ്റെ അമ്മ ഓമന മാത്രമാണ് വീട്ടിൽ ഉണ്ടാവാറുള്ളത്. പകൽ സമയത്ത് ഇവർ വീട്ടിൽ നിൽക്കുകയും രാത്രി മൂത്ത മകൻ്റെ വീട്ടിലേക്ക് പോകുന്നതുമാണ് പതിവ്.
പതിവുപോലെ മകന്റെ വീട്ടിലേക്ക് രാത്രിയിൽ പോയപ്പോഴാണ് മോഷണം നടന്നത്. വീടിന്റെ മുൻ വശത്തെ കതക് പൊളിച്ചാണ് മോഷ്ട്ടാക്കൾ ഉള്ളിൽ കടന്നത്. പിറ്റേ ദിവസം രാവിലെ ഓമന വന്ന നോക്കുമ്പോഴാണ് കതകു തകർന്നു കിടക്കുന്നത് കണ്ടതും മോഷണം നടന്നത് അറിഞ്ഞതും.
വിദേശത്തുള്ള മരുമകളുടെ സ്വർണാഭരണങ്ങൾ ആണ് നഷ്ടമായത്. വീടും സ്ഥലവും നന്നായി നിരീക്ഷിച്ചുവന്ന സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് പറയുന്നത്. മോഷണം കണ്ടുപിടിക്കാനായി പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
















