മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ നിർണ്ണായക നീക്കങ്ങളുടെയും അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെയും പശ്ചാത്തലത്തിൽ, സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി ഇന്ന് ചുമതലയേൽക്കും. വൈകിട്ട് 5 മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. മഹാരാഷ്ട്രയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഉപമുഖ്യമന്ത്രി പദവിയിലെത്തുന്നത്.
എക്സൈസ്, കായിക വകുപ്പുകളും സുനേത്ര പവാറിന് നൽകും. നിയമസഭാകക്ഷി നേതാവായി ആരു വരുമെന്നുള്ള പ്രധാന ചോദ്യം ഉയർന്നതോടെയാണ് സുനേത്രാ പവാറിൻ്റെ പേര് സജീവമായത്.
ബജറ്റ് സമ്മേളനം മാർച്ചിൽ നടക്കാനിരിക്കുന്നതിനാൽ ധനകാര്യ വകുപ്പ് താൽക്കാലികമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെ കൈകാര്യം ചെയ്യും. പിന്നീട് ഇത് എൻസിപിക്ക് കൈമാറും. പവാർ കുടുംബത്തിനുള്ളിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് സുനേത്ര പദവി ഏറ്റെടുക്കാൻ തീരുമാനിച്ചത്.
അജിത് പവാറിന്റെ മരണത്തിന് പിന്നാലെ ശരദ് പവാർ പക്ഷവുമായി പാർട്ടി ലയിക്കുമോ എന്ന ചോദ്യമാണ് മഹാരാഷ്ട്ര ഉറ്റുനോക്കുന്നത്. മരണത്തിന് മുൻപ് അജിത് പവാർ ലയന ചർച്ചകൾക്ക് തുടക്കമിട്ടിരുന്നതായാണ് റിപ്പോർട്ടുകൾ. സുനേത്ര പവാർ ചുമതലയേൽക്കുന്നതോടെ ഈ ചർച്ചകൾ ഏത് ദിശയിലേക്ക് നീങ്ങുമെന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാവുകയാണ്.
















