യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനകേസിൽ അതിജീവിത സുപ്രീം കോടതിയിൽ.കേസിലെ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ പ്രതിയായ അഭിഭാഷക ദീപ ജോസഫ് നൽകിയ ഹർജിയിൽ, തടസ്സ ഹർജി ഫയൽ ചെയ്തിരിക്കുകയാണ് അതിജീവിത.
ദീപ ജോസഫ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് മുൻപ് തന്റെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത തടസ്സ ഹർജി നൽകിയിരിക്കുന്നത്. അതിജീവിതയ്ക്ക് വേണ്ടി അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് ഹർജി ഫയൽ ചെയ്തത്. തന്റെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായ തീരുമാനങ്ങൾ ഉണ്ടാകരുതെന്ന ഉറച്ച നിലപാടിലാണ് അതിജീവിത.
തനിക്കെതിരെ കേരള പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദീപ ജോസഫ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ ഈ റിട്ട് ഹർജിയുടെ പൂർണ്ണരൂപം ഇതുവരെ പുറത്തുവന്നിട്ടില്ല. കേസ് റദ്ദാക്കണമെന്ന ആവശ്യത്തിനൊപ്പം ചില ഭരണഘടനാപരമായ വിഷയങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ടെന്നാണ് സൂചനകൾ. സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമോ അതോ കുറ്റകരമാണോ എന്നതടക്കമുള്ള കാര്യങ്ങളാകും കോടതിയുടെ പരിഗണനയ്ക്ക് വരിക.
















