ബെംഗളൂരുവില്‍ ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ സംസ്കാര ചടങ്ങുകൾ നാളത്തേക്ക് മാറ്റി. ഇന്ന് നടത്താൻ തീരുമാനിച്ചിരുന്ന ചടങ്ങുകളാണ് വിദേശത്തുള്ള അടുത്ത ബന്ധുക്കൾ എത്തിച്ചേരാൻ വൈകുന്നതിനെത്തുടർന്ന് മാറ്റിവെച്ചത്.
ബന്നാർഘട്ടയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള ‘നേച്ചർ’ കോൺഫിഡന്റ് കാസ്കേഡിൽ വൈകിട്ട് നാലോടെയാണ് സംസ്കാര ചടങ്ങുകൾ. ഇന്ന് പോസ്റ്റുമോർട്ടം പൂർത്തിയായ ശേഷം ഉച്ചയ്ക്ക് 2 മണി വരെ മൃതദേഹം പൊതുദർശനത്തിന് വെക്കും. ബന്നാർഘട്ടയിൽ സംസ്കരിക്കണമെന്നായിരുന്നു റോയിയുടെ ആഗ്രഹമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
റോയിയുടെ മരണത്തില്‍ ആദായനികുതി വകുപ്പിനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. അന്വേഷണ ഏജന്‍സിയില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് ഇന്ന് സി ജെ ബാബു ആരോപിച്ചു. ‘റോയ്ക്ക് കടമോ ബാധ്യതയോ ഭീഷണിയോ ഒന്നുമില്ല.
ആദായനികുതി ഉദ്യോഗസ്ഥരുടെ സമ്മര്‍ദം കുടുംബത്തിന് അറിയാമായിരുന്നു. മറ്റെവിടെ നിന്നും റോയ്ക്ക് ഭീഷണിയുണ്ടായിരുന്നില്ല. ഇന്ന് രാവിലെ കാണണമെന്ന് എന്നോട് റോയ് പറഞ്ഞിരുന്നു. മൂന്നുദിവസമായി ആദായനികുതി ഉദ്യോഗസ്ഥര്‍ ഓഫീസിലുണ്ടായിരുന്നു’ എന്നാണ് സി ജെ ബാബു ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്.
















