കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ ആത്മഹത്യയിൽ കേന്ദ്ര ഏജൻസികളുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഎം. ബെംഗളൂരുവിലെ ഓഫീസിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനിടെ റോയ് സ്വയം വെടിവെച്ച് മരിച്ച സംഭവം ഞെട്ടിക്കുന്നതാണെന്നും, ഇതിന് പിന്നിലെ കാരണങ്ങൾ കൃത്യമായി പരിശോധിക്കപ്പെടണമെന്നും എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഐടി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നുണ്ട്. സഹോദരനും മറ്റ് കുടുംബാംഗങ്ങളും ഉന്നയിക്കുന്ന ഈ പരാതികൾ തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു വലിയ വ്യവസായ ശൃംഖലയുടെ ഉടമ ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിതനായ സാഹചര്യം എന്താണെന്ന് കണ്ടെത്തണം. ഐടി ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിക്കാൻ സാധിക്കുന്ന രീതിയിലാണ് നിലവിൽ കാര്യങ്ങൾ നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരണത്തിന് ശേഷവും ഒന്നര മണിക്കൂറിലധികം ഉദ്യോഗസ്ഥർ റെയ്ഡ് തുടർന്നുവെന്ന വാർത്തകൾ കേന്ദ്ര ഏജൻസികളുടെ ക്രൂരതയാണ് വെളിപ്പെടുത്തുന്നത്. മനുഷ്യത്വപരമായ ഒരു നിലപാട് സ്വീകരിക്കാൻ കേന്ദ്ര ഏജൻസികൾക്ക് സാധിക്കുന്നില്ല.
റെയ്ഡിന്റെ ഭാഗമായി എന്തെങ്കിലും ക്രമക്കേടുകൾ കണ്ടെത്തുകയാണെങ്കിൽ അത് നിയമപരമായ വഴിയിലൂടെ പരിഹരിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഒരു മനുഷ്യന്റെ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.
















