വ്യവസായി മാത്രം ആയിരുന്നില്ല ഒരു വണ്ടിപ്രേമി കൂടിയായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനും സ്ഥാപകനുമായ സി ജെ റോയ്. കോടികള്‍ വിലമതിക്കുന്ന വാഹനങ്ങളുടെ ശേഖരം ഉണ്ടെങ്കിലും അദ്ദേഹത്തിന് പ്രിയം ഒരു പഴയ ചുവന്ന മാരുതി 800 കാര്‍ ആണ്. 27 വര്‍ഷത്തിന് ശേഷം തന്റെ ആദ്യ കാര്‍ കണ്ടെത്താൻ ലക്ഷങ്ങള്‍ ചിലവിട്ട വണ്ടിപ്രേമിയാണ് അദ്ദേഹം.
മാരുതിക്കും മുൻപേ വന്ന ഡോൾഫിൻ കാർ കൗതുകത്തോടെ നോക്കിനിന്നൊരു 13 വയസ്സുകാരനോട് സെയിൽസ്മാൻ പറഞ്ഞു: ‘നീയെന്നു വളർന്നിട്ടു കാർ വാങ്ങാനാണ്, ഇറങ്ങിപ്പോ’. ആ പയ്യൻ കോൺഫിഡന്റ് റോയ് ആയി വളർന്നപ്പോൾ ലോകത്തെ മുൻനിര കാറുകൾ ഗരേജിൽ അണിനിരത്തി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് സാമ്രാജ്യങ്ങളിലൊന്നിന്റെ ഉടമ, സിനിമാ നിർമാതാവ്, വാഹനപ്രേമി, ജീവകാരുണ്യ പ്രവർത്തകൻ. വിശേഷണങ്ങളേറെയുള്ള റോയ് സ്വയം തിരഞ്ഞെടുത്ത അപ്രതീക്ഷിത വിടവാങ്ങലിലൂടെ സുഹൃത്തുക്കളെയും ബിസിനസ് മേഖലയെ അമ്പരപ്പിച്ചു കടന്നുപോകുന്നു.
വിവാഹം കഴിഞ്ഞ് 3 മാസത്തിനുള്ളിൽ ഒരു ചുവന്ന മാരുതി 800 സ്വന്തമാക്കി. 1.10 ലക്ഷം രൂപയായിരുന്നു അന്നത്തെ വില. കാർ വാങ്ങി വീട്ടിലെത്തിയിട്ടാണ് ഭാര്യ പോലും അറിയുന്നത്. പുതിയ കാർ ഭാര്യയെ കാണിച്ചു കൊണ്ട് റോയ് പറഞ്ഞു ഇനി 6 കാർ കൂടി വരുമെന്ന്. തിങ്കളാഴ്ച ഒരു കാർ, ചൊവ്വാഴ്ച മറ്റൊന്ന് അങ്ങനെ ആഴ്ചയിൽ 7 ദിവസവും ഓരോ കാർ വീതം. അങ്ങനെ പറയുമ്പോഴും ആദ്യത്തെ കാറിന്റെ പണം പൂർണമായി നൽകിയിരുന്നില്ലെന്നത് സത്യം. പക്ഷേ, 6 വർഷം കഴിഞ്ഞപ്പോൾ റോയ് 15 കാറുകൾ സ്വന്തമാക്കി. അതും റെഡി കാഷ് നൽകി. ഇതിനിടെ ആദ്യം വാങ്ങിയ ചുവന്ന മാരുതി 800 വിൽക്കേണ്ടി വന്നു. വർഷങ്ങൾക്കു ശേഷം ആദ്യ കാർ തിരികെ വാങ്ങണമെന്നു ചിന്തിച്ചു. ആ കാർ കണ്ടെത്തുന്നവർക്ക് 10 ലക്ഷം രൂപ റോയ് സമ്മാനം പ്രഖ്യാപിച്ചു. 36 മണിക്കൂറിനുള്ളിൽ കാർ കണ്ടെത്തി.
അപ്പോഴത്തെ ഉടമ അന്നു കിടപ്പുരോഗിയായിരുന്നു. കാർ ഓടുന്നുമുണ്ടായിരുന്നില്ല. തുരുമ്പു വില പോലുമില്ലാതിരുന്നിട്ടും ആ കാറിന്റെ ഉടമയ്ക്ക് റോയ് 7 ലക്ഷം നൽകി. 1994 ൽ തന്റെ 25ാം വയസിൽ അന്ന് കൈയിലെ സമ്പാദ്യം വച്ച് വാങ്ങിയ വാഹനമാണ് മാരുതി 800. 1997 ൽ ഈ കാർ വിറ്റ് പകരം വാങ്ങിയത് അന്നത്തെ ലക്ഷ്വറി കാറായ മാരുതി എസ്റ്റീം ആയിരുന്നു. 31 വർഷം മുമ്പ് വരെ മാരുതിയായിരുന്നു ഇന്ത്യൻ റോഡുകളിലെ ഏറ്റവും നല്ല വാഹനം. 1994ൽ ഈ വാഹനം വാങ്ങിയ 1.10 ലക്ഷം രൂപയ്ക്ക് തനിക്കന്ന് സർജാപൂരിൽ രണ്ട് ഏക്കർ ഭൂമി വാങ്ങാമായിരുന്നെന്നും ഇന്ന് ഇതേ സ്ഥലത്ത് രണ്ട് ഏക്കറിന് 2 കോടി രൂപ വിലയാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. റോയിയുടെ ജീവിതത്തിൽ അത്രയ്ക്കും വിലയുണ്ട് ഈ വാഹനത്തിന്.
ദുബായിലെ എമിറേറ്റ്സ് ഹിൽസിലെ വില്ലയിൽ ലോകത്തിലെ ഒട്ടുമിക്ക കാറുകളും റോയ് സ്വന്തമാക്കി ഇട്ടിട്ടുണ്ട്. ഷെയ്ഖ് സായിദ് റോഡിലൂടെ പൊൻമാൻനീലയും വെള്ളയും ചേർന്ന നിറത്തിൽ റോൾസ് റോയിസ് പോകുന്നതു കണ്ടാൽ ദുബായിലുള്ളവർക്ക് അറിയാം അതിൽ സി.ജെ.റോയ് ഉണ്ടാകുമെന്ന്. 12 റോൾസ് റോയിസ് റോയ് വാങ്ങിക്കൂട്ടി. വാഹന പ്രേമികൾ സ്വപ്നം മാത്രം കാണുന്ന ബുഗാട്ടി, അതിന്റെ ലിമിറ്റഡ് എഡിഷൻ മോഡലുകൾ, ഹമ്മർ, കാഡിലാക്, ലംബോർഗിനി, ഫെറാറി, റേഞ്ച്റോവർ അങ്ങനെ ലോകത്തിലെ എണ്ണം പറഞ്ഞ അത്യാഡംബര വാഹനങ്ങളെല്ലാം ദുബായിലുണ്ട്.
36–ാം വയസ്സിൽ വിമാനം വാങ്ങിയത് ഒരു രൂപപോലും കടം വയ്ക്കാതെയാണെന്നു റോയ് സാക്ഷ്യപ്പെടുത്തുന്നു.ദുബായ് എയർ ഷോയിൽ ഒരിക്കൽ 11 വിമാനങ്ങൾക്ക് റോയ് ഓർഡർ നൽകിയിരുന്നു. ഒരു മലയാളി സംരംഭകൻ നൽകുന്ന ഏറ്റവും വലിയ ഫ്ലൈറ്റ് ഓർഡറായിരുന്നു അത്. എന്നാൽ, പിന്നീട് ആ കച്ചവടം മാത്രം നടക്കാതെ പോയി. ഇന്ത്യയിലെ എല്ലാ വാഹനങ്ങളുടെയും നമ്പർ 3 ആണ്. ദുബായിൽ അതിനു സാധിക്കാത്തതിനാൽ തമ്മിൽ കൂട്ടുമ്പോൾ 3 ലഭിക്കുന്ന നമ്പറുകളാണ് വാങ്ങിയിരിക്കുന്നത്. കാറിനോളവും കാറിനെക്കാളും കൂടുതൽ പണം ഈ നമ്പറുകൾക്കായി റോയ് മുടക്കിയിട്ടുണ്ട്. ഒരു പക്ഷേ, 13കാരൻ പയ്യന്റെ പകരംവീട്ടലായിരുന്നിരിക്കണം, കാറുകളുടെ വിശേഷങ്ങൾ റീലുകളിലൂടെ ലോകവുമായി പങ്കുവച്ചു. സമൂഹ മാധ്യമങ്ങളിൽ വൻ ഫോളോവേഴ്സിനെ സമ്പാദിച്ചു. കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി റോയ് തന്നെ പ്രത്യക്ഷപ്പെട്ടു.
















