ഇറാനിലെ പ്രമുഖ തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ ജനവാസ മേഖലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എട്ടുനിലകളുള്ള ഒരു പാർപ്പിട സമുച്ചയത്തിലാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിൽ കെട്ടിടത്തിന്റെ രണ്ടു നിലകൾ തകരുകയും നിരവധി വാഹനങ്ങൾക്കും സമീപത്തെ കടകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി സർക്കാർ മാധ്യമങ്ങൾ അറിയിച്ചു.
രക്ഷാപ്രവർത്തകരും അഗ്നിശമന സേനാംഗങ്ങളും ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് ദുരന്തനിവാരണ വിഭാഗം മേധാവി മെഹ്ർദാദ് ഹസ്സൻസാദെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയോടു പറഞ്ഞു.
അതേസമയം കെട്ടിടത്തിന്റെ മുൻഭാഗം തകർന്ന് ഉൾവശം ദൃശ്യമാകുന്നതും, അവശിഷ്ടങ്ങൾ ചുറ്റും ചിതറിക്കിടക്കുന്നതുമായ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. വാതകചോർച്ചയെ തുടർന്നാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം.
















