തിരുവനന്തപുരം: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റിൽ കേരളത്തിന് കിട്ടിയത് അവഗണന മാത്രം. കേരളത്തിന്റെ ഏറെകാലമായുള്ള ആവശ്യങ്ങളൊന്നും ഇപ്രാവശ്യവും ധനമന്ത്രി അനുവദിച്ചില്ല. ധാതു ഇടനാഴിയും കടലാമ ഗവേഷണ കേന്ദ്രവും മാത്രമാണ് കേരളത്തിനായി ധനമന്ത്രി അനുവദിച്ചത്. വർഷങ്ങളായുള്ള എയിംസ് എന്ന ആവശ്യം ഇക്കുറിയും തഴഞ്ഞു.
രാജ്യത്ത് ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചപ്പോൾ അതിലും കേരളം ഉൾപ്പെട്ടില്ല. ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ ഇടനാഴി സംബന്ധിച്ച പ്രഖ്യാപനം ബജറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതും ബജറ്റിലുണ്ടായില്ല. വിഴിഞ്ഞം തുറമുഖവും പൂർണമായും അവഗണിക്കപ്പെട്ടു. സംസ്ഥാനത്തിന് 21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജടക്കം അനുവദിക്കുമെന്നും പ്രതീക്ഷയുണ്ടായിരുന്നു അതും തഴയപ്പെട്ടു.
അമേരിക്കൻ ഇറക്കുമതി നയത്തിലുണ്ടായ മാറ്റംമൂലം സമുദ്രോൽപന്നങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, കശുവണ്ടിപ്പരിപ്പ്, ടെക്സ്റ്റയിൽസ് എന്നിവയുടെ കയറ്റുമതിയിൽ വർഷം 2500 കോടി രൂപയുടെ വരുമാന നഷ്ടം കേരളത്തിനുണ്ട്. ജി.എസ്.ടി നിരക്ക് പരിഷ്കരണത്തിന്റെ ഭാഗമായി വാർഷിക വരുമാനത്തിൽ 8000 കോടി രൂപയുടെ കുറവുണ്ടാകുന്നു. ഇതെല്ലാം കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാൻ മതിയായ കാരണങ്ങളാണെന്ന് വിലയിരുത്തലുണ്ടായിരുന്നുവെങ്കിലും അത് നിരസിക്കപ്പെട്ടിരിക്കുകയാണ്.
വായ്പാപരിധി ഉയർത്തൽ, ജി.എസ്.ടി നഷ്ടപരിഹാരം പുനഃസ്ഥാപിക്കൽ, അംഗൻവാടി, ആശ ഉൾപ്പെടെ സ്കീം വർക്കർമാരുടെ വേതനം ഉയർത്തൽ തുടങ്ങി നിരവധി ആവശ്യങ്ങൾ കേരളം കേന്ദ്രസർക്കാറിന് മുമ്പാകെ മുന്നോട്ടുവെച്ചുവെങ്കിലും അതെല്ലാം പൂർണമായും തഴയപ്പെട്ടുവെന്നാണ് ബജറ്റ് പ്രസംഗത്തിൽ നിന്നും വ്യക്തമാവുന്നത്.
















