കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു. ഹോട്ടൽ ഉടമകൾക്കും ചെറുകിട വ്യാപാരികൾക്കും വലിയ തിരിച്ചടിയാകുന്നതാണ് ഈ തീരുമാനം. ഫെബ്രുവരി ഒന്നിന് പുലർച്ചെ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 19 കിലോഗ്രാം സിലിണ്ടറിന് 49 രൂപയാണ് ഇത്തവണ വർദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 1747 രൂപയായി ഉയർന്നു. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങൾ കണക്കിലെടുത്ത് ഓരോ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ പാചകവാതക നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്.വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.
















