കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച 7 ബുള്ളറ്റ് ട്രെയിൻ പദ്ധതികളിൽ കേരളം ഉൾപ്പെടാതിരുന്നതിൽ അത്ഭുതമില്ലെന്ന് ഇ. ശ്രീധരൻ. കേരളത്തിന്റെ ഭൂപ്രകൃതിക്കും ആവശ്യങ്ങൾക്കും അനുയോജ്യം ബുള്ളറ്റ് ട്രെയിനുകളല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം നേരത്തെ തന്നെ തന്നോട് സൂചിപ്പിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിനുകൾ കേരളത്തിന് പ്രായോഗികമല്ല. എന്നാൽ 200 കിലോമീറ്റർ വേഗതയുള്ള സെമി ഹൈസ്പീഡ് ട്രെയിനുകളാണ് സംസ്ഥാനത്തിന് അത്യന്താപേക്ഷിതം. ഈ ലക്ഷ്യം മുൻനിർത്തിയാണ് തന്റെ നേതൃത്വത്തിൽ പുതിയ പദ്ധതിയുടെ ഡിപിആർ (Detailed Project Report) തയ്യാറാക്കുന്നത്. ഇതിനായി ഏകദേശം 13.1 കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി പത്തോളം വിദഗ്ധരെ ഇതിനോടകം തിരഞ്ഞെടുത്തു കഴിഞ്ഞു. ഇതിനായുള്ള ഓഫീസ് നാളെ തന്നെ തുറന്ന് പ്രവർത്തനം ആരംഭിക്കും. കൊച്ചി മെട്രോയുടെ നിർമ്മാണ വേളയിൽ ഉണ്ടായിരുന്നത് പോലെ പൂർണ്ണ അധികാരമുള്ള ‘പ്രിൻസിപ്പൽ അഡൈ്വസർ’ എന്ന നിലയിലായിരിക്കും തന്റെ പ്രവർത്തനം. പദ്ധതിയുടെ സാങ്കേതിക വശങ്ങളും ഉദ്യോഗസ്ഥ നിയമനവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സ്വതന്ത്രമായ തീരുമാനമെടുക്കാൻ തനിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാർ പുതുതായി മുന്നോട്ടുവെച്ച റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) പ്രായോഗികമല്ലെന്ന് ഇ. ശ്രീധരൻ വിമർശിച്ചു. ഇത് വെറുമൊരു ‘ഇലക്ഷൻ സ്റ്റണ്ട്’ മാത്രമാണെന്നും കുറഞ്ഞ ദൂരങ്ങൾക്കിടയിൽ സ്റ്റേഷനുകൾ വരുന്ന ഇത്തരം പദ്ധതികൾ കൊണ്ട് സംസ്ഥാനത്തിന് വലിയ ഗുണമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സിൽവർലൈനിന് ബദലായി കേന്ദ്രം പിന്തുണയ്ക്കുന്ന അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
















