തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ പൂജാരി ക്ഷേത്രപരിസരത്ത് വളർത്തിയത് 685 കഞ്ചാവ് ചെടികൾ. ജമന്തിച്ചെടികൾക്കിടയിലാണ് പൂജാരിയായ അവുതി നാഗയ്യ (48) കഞ്ചാവ് ചെടികൾ നട്ടുപരിപാലിച്ചത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണത്തിനെത്തിയ പൊലീസ് പൂജാരിയെ അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് പൂജാരി പൊലീസിന്റെ പിടിയിലായത്. ജമന്തി കൃഷി മറയാക്കിയാണ് ഇയാൾ കഞ്ചാവു കൃഷി നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മുതിർന്ന പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു ക്ഷേത്രപരിസരത്തു റെയ്ഡ് നടത്തിയത്. ഉദ്ദേശം 70 ലക്ഷം രൂപ വിലമതിക്കുന്ന ഉൽപന്നങ്ങളാണു കണ്ടെത്തിയത്. കഞ്ചാവ് കൃഷിക്കൊപ്പം ആവശ്യക്കാർക്ക് വിൽപനയും നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
















