ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ കളിക്കില്ലെന്ന പ്രഖ്യാപനത്തിൽ വലിയ പ്രത്യാഘാതം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി ഐസിസി. ലോകകപ്പിൽനിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പാകിസ്താൻ ഇന്ത്യയുമായുള്ള ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചത്.
ഈ ഫെബ്രുവരി 15 നായിരുന്നു ഇന്ത്യയും പാകിസ്താനുമായി കളി കൊളംബോയിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ പാകിസ്ഥാൻ സർക്കാർ ഇന്ത്യയുമായുള്ള കളി ബഹിഷ്കരിക്കുകയായിരുന്നു.
‘നയപരമായ കാര്യങ്ങളിൽ സർക്കാരിന്റെ പങ്കിനെ ഐസിസി ബഹുമാനിക്കുമ്പോൾ, ഈ തീരുമാനം ലോകമെമ്പാടുമുള്ള കായിക വിനോദത്തിനും പാകിസ്താനിലെ ലക്ഷക്കണക്കിന് ആരാധകർ ഉൾപ്പെടെയുള്ളവരുടെ ക്ഷേമത്തിനും ഹാനികരമാണ്’, ഐസിസി പ്രസ്താവനയിൽ അറിയിച്ചു. കൂടാതെ തീരുമാനം സംബന്ധിച്ച് പാക് ക്രിക്കറ്റ് ബോർഡിന്റെ ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്നും ഐസിസി വ്യക്തമാക്കി.
















