വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ് നാട്ടിൽ നിന്ന് ബിജെപി പരാജയപ്പെടുമെന്ന് ഉറപ്പായതോടെയാണ് കേന്ദ്ര ബജറ്റിൽ നിന്ന് തമിഴ്നാടിനെ അവഗണിച്ചതെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കേന്ദ്ര ബജറ്റിനെ നിരാശാജനകമെന്ന് വിശേഷിപ്പിക്കുകയും സംസ്ഥാനത്തിൻ്റെ താത്പര്യങ്ങൾ പൂർണമായും അവഗണിച്ചുവെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.
“ഈ വർഷമെങ്കിലും ബി.ജെ.പി. സർക്കാരിൻ്റെ കണ്ണുകളിൽ തമിഴ്‌നാട് തെളിഞ്ഞു കാണുമെന്നും ഞങ്ങളുടെ ശബ്ദം അവരുടെ ചെവികളിൽ എത്തുമെന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷകൾ തകർത്ത് കേന്ദ്ര സർക്കാർ പകരം വലിയ നിരാശയാണ് നൽകിയത്,” അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് വരുന്നതിനാൽ ഈ വർഷം തങ്ങളെ പരിഗണിക്കുമെന്ന് കരുതിയെന്നും ദരിദ്രർക്കും സ്ത്രീകൾക്കും കർഷകർക്കും പിന്നാക്ക വിഭാഗങ്ങൾക്കും പ്രയോജനകരമായ പ്രധാന പദ്ധതികളൊന്നും ഉൾപ്പെടുത്തിയിട്ടില്ലെന്നും സ്റ്റാലിൻ ആരോപിച്ചു. കൂടാതെ തമിഴ്‌നാടിനായി പുതിയ പദ്ധതികൾ പ്രഖ്യാപിക്കാത്തതിലും പ്രധാന പദ്ധതികളുടെ തടഞ്ഞുവെച്ച ഫണ്ടുകൾ വിതരണം ചെയ്യാത്തതിലും അദ്ദേഹം കേന്ദ്രത്തെ വിമർശിച്ചു.
















