കരസേന മുൻ മേധാവി നരവന എഴുതിയ ഓർമക്കുറിപ്പ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വായിച്ചതിന് ലോക്സഭയിൽ ഭരണ–പ്രതിപക്ഷ വാഗ്വാദം ഉടലെടുത്തു. പുറത്തിറങ്ങാത്ത പുസ്തകം വായിക്കാനാകില്ലെന്നും ആധികാരമില്ലാത്തവ സഭയിൽ വായിക്കരുതെന്നും സഭാ ചട്ടം പാലിക്കണമെന്നും സ്പീക്കർ ഓം ബിർള രാഹുലിനോട് പറഞ്ഞെങ്കിലും അദ്ദേഹം അനുസരിച്ചില്ല.
ഇതോടെ രാഹുൽ സംസാരിക്കുന്നതിനിടയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇടപെടുകയായിരുന്നു. വായിക്കാൻ അനുവദിക്കരുതെന്ന് രാജ്നാഥും ആവശ്യപ്പെടുകയായിരുന്നു. രാജ്നാഥ് സിങ്ങും രാഹുൽ ഗാന്ധിയും തമ്മിൽ തർക്കം നടക്കുന്നതിനിടെ രാഹുലിനെതിരെ ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തി. ഇതോടെ പ്രശനം വർധിക്കുകയായിരുന്നു.
രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിനാൽ ഇതാണ് ഭരണപക്ഷത്തിന്റെ നയമെങ്കിൽ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഭയിൽ സംസാരിക്കാൻ അനുവദിക്കില്ലെന്ന് കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.
മുൻ കരസേന മേധാവി ജനറൽ നരവനയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിച്ച് ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് സംസാരിക്കാൻ രാഹുൽ ശ്രമിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. രാഹുൽ ഗാന്ധിയുടെ മൈക്ക് പലതവണ ഓഫാക്കിയത് സഭയിൽ വൻ പ്രതിഷേധത്തിന് കാരണമായി. ബഹളത്തെത്തുടർന്ന് സഭാ നടപടികൾ 3 മണി വരെ നിർത്തിവച്ചു.
















