ബിസിനസ് ആവശ്യങ്ങൾക്കായി ഹൈദരാബാദിലെത്തിയ കോഴിക്കോട് സ്വദേശിക്ക് നേരെ തോക്കുധാരികളുടെ ആക്രമണം. കോഴിക്കോട് സ്വദേശിയായ റിൻഷാദിനെയാണ് (25) അജ്ഞാതരായ രണ്ടംഗ സംഘം വെടിവെച്ച് വീഴ്ത്തിയ ശേഷം പണം തട്ടിയത്. ഹൈദരാബാദിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ കോട്ടിയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സിനിമയെ വെല്ലുന്ന രീതിയിലുള്ള ഈ അക്രമം അരങ്ങേറിയത്.
കുട്ടികളുടെ വസ്ത്രങ്ങൾ മൊത്തവ്യാപാര അടിസ്ഥാനത്തിൽ വാങ്ങാനാണ് റിൻഷാദ് ഹൈദരാബാദിൽ എത്തിയത്. കഴിഞ്ഞ ജനുവരി 7 മുതൽ നഗരത്തിൽ തങ്ങുകയായിരുന്ന ഇദ്ദേഹം ചാർമിനാറിനടുത്തുള്ള മദീന മാർക്കറ്റിൽ വസ്ത്രങ്ങൾ വാങ്ങാൻ പോയെങ്കിലും ഒന്നും തിരഞ്ഞെടുത്തിരുന്നില്ല.
തുടർന്ന് കയ്യിലുള്ള പണം സുരക്ഷിതമായി ബാങ്കിൽ നിക്ഷേപിക്കാൻ ബന്ധു നിർദേശിച്ചു. ജനുവരി 31-ന് പുലർച്ചെ സുഹൃത്തിന്റെ വാഹനത്തിൽ ബാങ്ക് സിഡിഎമ്മിൽ (CDM) പണം നിക്ഷേപിക്കാനെത്തിയപ്പോഴാണ് കവർച്ചാ സംഘം റിൻഷാദിനെ വളഞ്ഞത്.
പണം നിക്ഷേപിക്കാൻ തയ്യാറെടുക്കുന്നതിനിടെ പിന്നിലൂടെ എത്തിയ രണ്ട് അജ്ഞാതർ തോക്ക് ചൂണ്ടി റിൻഷാദിനെ ഭീഷണിപ്പെടുത്തി. തുടർന്ന് പ്രകോപനമില്ലാതെ കാലിന് വെടിയുതിർത്ത ശേഷം കയ്യിലുണ്ടായിരുന്ന ആറര ലക്ഷം രൂപയും വാഹനത്തിന്റെ താക്കോലും തട്ടിയെടുത്ത് സംഘം രക്ഷപ്പെടുകയായിരുന്നു. വെടിയേറ്റ റിൻഷാദിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് വിവരം.
സംഭവത്തിൽ സുൽത്താൻ ബസാർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണം നടത്തിയ ശേഷം വാഹനത്തിൽ രക്ഷപ്പെട്ട പ്രതികൾ, കുറച്ചു ദൂരത്തിന് ശേഷം വാഹനം ഉപേക്ഷിച്ചു നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
















