‘വിത്ത് ലവ്’ എന്ന ചിത്രത്തിന്റെ പ്രമോഷനായി നൽകിയ തമിഴ് ഇന്റര്‍വ്യുവിനിടെ പറഞ്ഞ വാക്കുകള്‍ മാധ്യമങ്ങൾ വളച്ചൊടിച്ചതിനെതിരെ നടി അനശ്വര രാജൻ രംഗത്ത്. ഇൻസ്റ്റഗ്രാം സ്റ്റോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. ‘വിത്ത് ലവ്വി’ന്റെ സെറ്റില്‍ മറ്റുള്ളവരുമായി വൈബ് സെറ്റാകാന്‍ മണ്ടിയെപ്പോലെ അഭിനയിച്ചുവെന്ന വാര്‍ത്തയോടായിരുന്നു അനശ്വരയുടെ പ്രതികരണം.

‘‘സാധാരണയായി ഇത്തരം വിവാദങ്ങളിൽ നിന്നും മാറിനിൽക്കാനാണ് ഞാൻ ആഗ്രഹിക്കാറുള്ളത്. എന്നാൽ എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ മിണ്ടാതിരിക്കാൻ കഴിയില്ല. ഏകദേശം ഇരുപത് മിനിറ്റോളം നീണ്ടുനിന്ന തമാശ നിറഞ്ഞ ഒരു അഭിമുഖം മുഴുവൻ കേട്ട് അതിൽ വളരെ തമാശയായി പറഞ്ഞ എന്റെ വാക്കുകളെ വളരെ സീരിയസ് ആയ സ്റ്റേറ്റ്മെന്റ് ആയി കണക്കാക്കി നൽകിയ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത് മാധ്യമപ്രവർത്തനമല്ല ഞാൻ പറഞ്ഞത് പോലുമല്ലാത്ത വാക്കുകളെ വളച്ചൊടിക്കുന്നതാണ്. ഞാൻ പറയാത്ത കാര്യം പറഞ്ഞുവെന്ന് പറയുന്നത് വിഷമിപ്പിച്ചു. ഇത് തികച്ചും ശ്രദ്ധ ആകർഷിക്കാനുള്ള ശ്രമമാണ്’, അനശ്വര പറഞ്ഞു.
വാർത്തയുടെ ചിത്രമടക്കം പങ്കുവച്ചാണ് അനശ്വര ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചത്. ‘ചിത്രത്തിന്റെ സെറ്റിൽ മറ്റുള്ളവരുമായി വൈബാകാൻ മണ്ടിയായി അഭിനയിച്ചു’ എന്നായിരുന്നു വാർത്ത. ‘ടൂറിസ്റ്റ് ഫാമിലി’ എന്ന ചിത്രത്തിന്റെ സംവിധായകൻ അബിഷൻ ജീവിന്ത് ആദ്യനായി നായകനായി എത്തുന്ന ‘വിത്ത് ലവ്’ ആണ് ഇനി പുറത്തിറങ്ങാനുള്ള അനശ്വരയുടെ ചിത്രം. മഥൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹരീഷ് കുമാർ, കാവ്യ അനിൽ, സച്ചിൻ, തേനി മുരുകൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സൗന്ദര്യ രജനികാന്ത് നിർമിക്കുന്ന ചിത്രം ഫെബ്രുവരി ആറിന് തിയറ്ററുകളിലെത്തും.
















